
ബെർലിൻ : ജർമ്മൻ ഒാപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് വെള്ളി. ഇന്നലെ നടന്ന ഫൈനലിൽ ലക്ഷ്യ തായ്‌ലാൻഡിന്റെ കുൻലാവുത്ത് വിദിത്സാരിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽക്കുകയായിരുന്നു. സ്കോർ :18-21,15-21
സെമിയിൽ ലോക ഒന്നാം നമ്പർതാരവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ ഡെന്മാർക്കിന്റെ വിക്ടർ അക്‌സൽസെനിനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ വിക്ടറിനെ വീഴ്ത്തിയത്. 21-13, 12-21, 22-20 എന്ന സ്കോറിനായിരുന്നു പരിചയസമ്പന്നനായ എതിരാളിക്കെതിരെ 20 വയസ്സ് മാത്രം പ്രായമുള്ള ലക്ഷ്യയുടെ സെമി വിജയം. മത്സരം ഒരു മണിക്കൂറും പത്തുമിനിട്ടും നീണ്ടു. അക്‌സൽസെനിനെതിരേ ലക്ഷ്യയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയിരുന്ന താരമാണ് ലക്ഷ്യ സെൻ. ജനുവരിയിൽ ഇന്ത്യ ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിലെ കിരീടവും ലക്ഷ്യ നേടിയിരുന്നു.