
ഹാമിൽട്ടൺ: വനിതാ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനു ശേഷം തനിക്ക് ലഭിച്ച പ്ലെയർ ഒഫ് ദി മാച്ച് ട്രോഫി മറ്റൊരു ഇന്ത്യൻ താരം ഹർമൻപ്രീത് കൗറുമായി പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ 155 റൺസിന് വെസ്റ്റിൻഡീസിനെ തകർത്തിരുന്നു. മത്സരത്തിൽ സ്മൃതിയും ഹർമൻപ്രീതും സെഞ്ച്വറി നേടിയിരുന്നു. ഇരുവരുടെയും മികവിൽ 317 റൺസെന്ന കൂറ്റൻ സ്‌കോറുറയർത്തിയ ശേഷം വിൻഡീസിനെ 162 റൺസിന് പുറത്താക്കിയാണ് ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയിരുന്നത്. നാലാം വിക്കറ്റിൽ 184 റൺസ് ചേർത്ത സ്മൃതി - ഹർമൻപ്രീത് കൂട്ടുകെട്ടായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. ലോകകപ്പ് ചരിത്രത്തിൽ ഏതൊരു വിക്കറ്റിലുമായി ഇന്ത്യൻ വനിതകളുടെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്ന റെക്കാഡും ഇവർ സ്വന്തമാക്കി. സ്മൃതി 119 പന്തിൽ നിന്ന് 13 ഫോറും രണ്ടു സിക്‌സും സഹിതം 123 റൺസെടുത്തപ്പോൾ ഹർമൻപ്രീത് 107 പന്തിൽ 10 ഫോറും രണ്ടു സിക്‌സുമടക്കം 109 റൺസെടുത്തു. ഇതോടെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി, ഹർമന്‍പ്രീതിനൊപ്പമാണ് പുരസ്‌കാരദാന ചടങ്ങിനെത്തിയത്. സ്മൃതിയാണ് കളിയിലെ താരമെന്ന് പറഞ്ഞയുടൻ തങ്ങൾ ഇരുവരും അതിന് തുല്യ അർഹരാണെന്ന് സ്മൃതി പറയുകയായിരുന്നു. ട്രോഫി ഏറ്റുവാങ്ങാൻ ഹർമനെ ക്ഷണിക്കുകയുംചെയ്തു. ''സെഞ്ച്വറി നേടിയിട്ടും പ്ലെയർ ഓഫ് ദ മാച്ച് ആകാതിരിക്കുന്നത് ഞാനും ആഗ്രഹിക്കാത്ത കാര്യമാണ്. 300 റൺസ് സ്‌കോർ ചെയ്യാൻ ഞങ്ങൾ രണ്ടുപേരും ഒരുപോലെ സംഭാവന ചെയ്തുവെന്നാണ് കരുതുന്നത്. അതിനാൽ ഞങ്ങൾ ട്രോഫി പങ്കിടുന്നതാണ് നല്ലത്. ഈ പുരസ്‌കാരത്തിന് ഞങ്ങൾ രണ്ടുപേരും തുല്യ അർഹരാണ്. ഞങ്ങൾ രണ്ടു പേർക്കും വെവ്വേറെ ട്രോഫികൾ നൽകാന്‍ ഐ.സി.സിക്ക് മതിയായ ബജറ്റ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. - സ്മൃതി മന്ഥാന 5 കരിയറിലെ 67-ാം മത്സരം കളിക്കുന്ന സ്മൃതി തന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണ് ഹാമിൽട്ടണിൽ നേടിയത്. ലോകകപ്പിലെ രണ്ടാമത്തേതും. ഹർമന്‍പ്രീത് കൗറിന്റെ നാലാം ഏകദിന സെഞ്ച്വറിയും രണ്ടാം ലോകകപ്പ് സെഞ്ച്വറിയുമാണ് ശനിയാഴ്ച പിറന്നത്.