sfi

തിരുവനന്തപുരം: കൺസഷൻ വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭിപ്രായത്തിന് എതിർപ്പറിയിച്ച് എസ്‌എഫ്‌ഐ. ആന്റണിരാജുവിന്റെ അഭിപ്രായം അപക്വമാണ്. കൺസഷൻ ആരുടെയും ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശമാണെന്ന് സംഘടന വ്യക്തമാക്കി. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് കൺസഷൻ. മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങൾ മുന്നണിയുടെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടാനിടയാക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ ഗിരീഷ്, സെക്രട്ടറി കെ.എം സച്ചിൻദേവ് എംഎൽഎ എന്നിവർ അറിയിച്ചു. മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങൾ ശ്രദ്ധയോടെ ചെയ്യേണ്ടതായിരുന്നു.

കഴിഞ്ഞ 10 വർഷമായി വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് രണ്ട് രൂപയാണെന്നുള‌ളത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കൺസഷനെതിരായ അഭിപ്രായം പ്രകടിപ്പിച്ചത്. രണ്ട് രൂപ എന്നത് വിദ്യാർ‌ത്ഥികൾക്ക് തന്നെ നാണക്കേടാണെന്നും അഞ്ച് രൂപ നൽകി ബാക്കി വാങ്ങാറില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കുമെന്നാണ് സൂചന. ബസ് വർദ്ധന ന്യായമാണെന്ന് സർക്കാർ അഭിപ്രായപ്പെട്ടശേഷം നാല് മാസം കഴിഞ്ഞും നിരക്ക് വർദ്ധിക്കാത്തതിനാൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന ബസ് ഉടമകളുടെ അഭിപ്രായത്തെ തുടർന്നാണ് മന്ത്രി ഇന്ന് കൺസഷൻ വിഷയത്തിൽ പ്രതികരണം നടത്തിയത്. മിനിമം ചാർ‌ജ് 12 രൂപ ആക്കണമെന്നും കൺസഷൻ നിരക്ക് ആറ് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.