dddd

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിലെ ഛോത്തിപ്പോരയിൽ വീട്ടിൽ അതിക്രമിച്ചു കയറി സി.ആർ.പി.എഫ് ജവാനെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരനെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയതായി ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. ഷോപിയാൻ സ്വദേശിയായ മുക്താർ അഹമ്മദ് ദോഹിയാണ് (34) അവധിയിലിരിക്കെ, ഭീകരന്റെ വെടിയേറ്റ് മരിച്ചത്. സൈനികനെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി കാശ്‌മീർ ഐ.ജി പി. വിജയകുമാർ പറഞ്ഞു. കൃത്യം നടക്കുന്ന സമയത്ത് ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്.

ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അബിദ് റംസാൻ ഷെയ്ഖിന്റെ നിർദ്ദേശപ്രകാരമാണ് ഭീകരർ ജവാനെ കൊലപ്പെടുത്തിയതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മുക്താർ അഹമ്മദ് ദോഹി അവധിയിലാണെന്ന് മനസിലാക്കിയ ഭീകരർ ശനിയാഴ്ച രാത്രി ഏഴരയോടെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.

ജമ്മു കാശ്മീരിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലായി സൈന്യം നടത്തിയ ഓപ്പറേഷനിൽ പാകിസ്ഥാനിൽ നിന്നുളള രണ്ട് പേരടക്കം നാല് ഭീകരരെ വധിച്ചിരുന്നു.സർപഞ്ചിനെയും പഞ്ചായത്ത് അംഗത്തെയും ഭീകരർ വധിച്ചതിന് പിന്നാലെയാണ് സി.ആർ.പി.എഫ് ജവാനും കൊല്ലപ്പെട്ടത്. ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികനായ അമീർ അഹമദ്ദ് മല്ലയുടെ മൃദേഹം കണ്ടെടുത്തതിന് പിന്നാലെയാണിത്.