fpi

 ഈമാസം ഇതുവരെ നഷ്‌ടം ₹45,608 കോടി

കൊച്ചി: കൊവിഡിന് പിന്നാലെ റഷ്യ-യുക്രെയിൻ സംഘർഷവും കടുത്ത പ്രതിസന്ധിയായി വീശിയടിച്ചതോടെ ഇന്ത്യയിൽ നിന്ന് ഈമാസം ഇതുവരെ കൊഴിഞ്ഞത് 45,608 കോടി രൂപയുടെ വിദേശനിക്ഷേപം. കൊവിഡിലും യുദ്ധത്തിലും അസംസ്കൃതവസ്തുക്കളുടെ വില കൂടിയതും ക്രൂഡോയിൽ വിലവർദ്ധനയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിന് വൻ തിരിച്ചടിയായതാണ് വിദേശ നിക്ഷേപകർ പിൻവാങ്ങാൻ കാരണം.

ഓഹരി വിപണിയിൽ നിന്ന് 41,168 കോടി രൂപയും കടപ്പത്രവിപണിയിൽ നിന്ന് 4,431 കോടി രൂപയും ഹൈബ്രിഡ് വിഭാഗത്തിൽ നിന്ന് 9 കോടി രൂപയാണ് ഈമാസം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) പിൻവലിച്ചത്. മാർച്ച് രണ്ടുമുതൽ 11 വരെയുള്ള പ്രവൃത്തിദിനങ്ങളിലെ നഷ്‌ടമാണിത്. തുടർച്ചയായ ആറാംമാസമാണ് എഫ്.പി.ഐ നിക്ഷേപം ഇടിയുന്നത്.

ഇന്ത്യ ഒറ്റയ്ക്കല്ല

തായ്‌വാൻ, ദക്ഷിണ കൊറിയ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ് എന്നിവയും വിദേശ നിക്ഷേപത്തകർച്ച നേരിടുകയാണ്. തായ്‌വാൻ 5,450 കോടി രൂപ, ദക്ഷിണ കൊറിയ 2,065 കോടി രൂപ, ഇൻഡോനേഷ്യ 3,600 കോടി രൂപ, ഫിലിപ്പീൻസ് 200 കോടി രൂപ എന്നിങ്ങനെ നഷ്‌ടം ഈമാസം നേരിട്ടു. തായ്‌ലൻഡ് മാത്രം 780 കോടി രൂപ നിക്ഷേപം നേടി.