
ന്യൂഡൽഹി: ജില്ലാ പൊലീസ് കമ്മിഷണറുടെ വാഹനം ഇടിച്ച് തകർത്തശേഷം നിറുത്താതെ വാഹനമോടിച്ച് പോയ കേസിൽ പേടിഎം സ്ഥാപന മേധാവി വിജയ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തിൽ വിട്ടു.
ഫെബ്രുവരി 22 ന് ഡൽഹിയിലെ മദേഴ്സ് ഇന്റർനാഷണൽ സ്‌കൂളിന് മുന്നിൽ വച്ചായിരുന്നു സംഭവം. സൗത്ത് ഡൽഹി ജില്ലാ പൊലീസ് കമ്മിഷണർ ബെനീറ്റ മേരി ജെയ്കറിന്റെ വാഹനത്തിൽ വിജയ്‌ശേഖർ ഓടിച്ച ജാഗ്വാർ ലാൻഡ് റോവർ ഇടിക്കുകയായിരുന്നു. ശേഷം വിജയ്‌ശേഖർ വണ്ടി നിറുത്താതെ ഓടിച്ചുപോയി. എന്നാൽ വാഹനത്തിന്റെ നമ്പർ കുറിച്ചുവച്ച ഉദ്യോഗസ്ഥ അപകടം റിപ്പോർട്ട് ചെയ്തു. തുടർന്ന് വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് വിജയ്‌ശേഖറിനെ കണ്ടെത്തി നോട്ടീസ് അയച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.