
തമിഴ്നാട്ടിലെ നവദമ്പതികൾ ഡിജിറ്റൽ ലോകത്ത് വിവാഹസൽക്കാരം നടത്തിയത് മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഉദിച്ചുയരുന്ന സാങ്കേതികവിദ്യയായ മെറ്റാവേഴ്സെന്ന തട്ടകത്തിലാണ് അവർ കല്യാണ വിരുന്നൊരുക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമല്ല വധുവിന്റെ, മരിച്ചുപോയ അച്ഛനെ വരെ പുനരുജ്ജീവിപ്പിച്ചു കൊണ്ടായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.
ഈ ആഘോഷത്തിന് ഏഴുമാസം മുമ്പ് ഫേസ്ബുക്ക് തലവനായ മാർക്ക് സക്കർബർഗ് നടത്തിയ ഒരു പ്രഖ്യാപനവും മെറ്റാവേഴ്സിനെക്കുറിച്ചുള്ള സജീവ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. തന്റെ കമ്പനി 'മെറ്റാ" എന്ന പുതിയ നാമം സ്വീകരിക്കുകയാണെന്നും, ജനങ്ങളെ സാമൂഹികമായി കൂട്ടിയോജിപ്പിക്കുന്ന സങ്കേതങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സ്വന്തം സ്ഥാപനത്തിന്റെ അടുത്ത മുന്നേറ്റം മെറ്റാവേഴ്സിലായിരിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡിസ്നി തുടങ്ങിയ മറ്റ് ടെക് ഭീമന്മാരും ഈ പുതിയ തുറയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. വളർന്നു വലുതാകുന്ന മെറ്റാവേഴ്സ് കമ്പോളം തന്നെയാണ് പ്രധാന ആകർഷണം. ഈ വർഷത്തെ 209 ശതകോടി ഡോളറിന്റെ മാർക്കറ്റ് 2024 ൽ 400 ശതകോടി ഡോളറിന്റേതാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. യഥാർത്ഥ ലോകവും ഡിജിറ്റൽ ലോകവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കിക്കൊണ്ട് അവ ഒറ്റലോകമായി തീരുന്നിടത്തെ കാഴ്ചയും അനുഭവിച്ചറിയലും പ്രദാനം ചെയ്യുന്ന ത്രിമാന തട്ടകമാണ് മെറ്റാവേഴ്സ്. യഥാർത്ഥ ലോകത്തെ വ്യക്തികളും മറ്റും അവരവരുടെ ഡിജിറ്റൽ പതിപ്പുകളായി രൂപാന്തരം പ്രാപിച്ചാണ് മെറ്റാവേഴ്സിൽ 'അവതാര"മെടുക്കുന്നത്. ഭൗതികമായ ഉണ്മകളെ, പ്രതീതി യാഥാർത്ഥ്യത്തിന്റേയും, ഭാവനാ യാഥാർത്ഥ്യത്തിന്റേയും തലങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയും അപ്രകാരം സൃഷ്ടിക്കപ്പെടുന്ന മായികലോകത്തേക്ക് ഉപയോക്താക്കൾക്ക് പ്രവേശിക്കാനും പെരുമാറാനും സൗകര്യമൊരുക്കുകയും ചെയ്യുന്ന സങ്കേതമാണിത്. ഈ പ്രക്രിയയിൽ വാസ്തവത്തിലുള്ളതിനപ്പുറവും നമ്മെ കൊണ്ടെത്തിക്കാനുള്ള കഴിവും മെറ്റാവേഴ്സിനുണ്ട്. യഥാർത്ഥത്തിലുള്ളതിനെ സമ്പുഷ്ടമാക്കാനും വർണാഭമാക്കാനുമുള്ള സിദ്ധികൾ അതിനുണ്ട്. ഇക്കാരണത്താലാണ്  'പ്രപഞ്ചത്തിനുമപ്പുറ"മെന്ന് അർത്ഥം പറയാവുന്ന 'മെറ്റാവേഴ്സ് " എന്ന നാമം1993 ലെ തന്റെ നോവലിന് നൽകിയ നീൽസ്റ്റീഫൻസന്റെ ഭാവന ഗംഭീരമാകുന്നത്. അടിസ്ഥാനപരമായി ഈ സാങ്കേതികവിദ്യ മറ്റ് രണ്ട് സാങ്കേതികവിദ്യകളായ ഓഗ്മെന്റഡ് റിയാലിറ്റിയുടേയും വെർച്വൽ റിയാലിറ്റിയുടേയും സങ്കരമാകുന്നതിലാണ് അതിന് ഇത്തരം അത്ഭുതസിദ്ധികൾ സ്വായത്തമാകുന്നത്.
സക്കർബർഗ് തന്റെ സ്ഥാപനത്തിന്റെ പേര് 'മെറ്റാ"യെന്ന് മാറ്റിയപ്പോൾ കമ്പനിയുടെ ലോഗോയായി സ്വീകരിച്ച ഇൻഫിനിറ്റി (അനന്തം)ചിഹ്നം അടയാളപ്പെടുത്തുന്നത് മെറ്റാവേഴ്സ് സങ്കേതത്തിന്റെ എണ്ണമറ്റ സാദ്ധ്യതകളെയാണ്. സാമൂഹികമായ ഒത്തുചേരലുകൾക്കുള്ള വേദി മാത്രമല്ലിത്; ഓൺലൈൻ വാണിഭം അടക്കമുള്ള കച്ചവടം, ഗെയിമിംഗ്, മറ്റ് വിനോദങ്ങൾ, പരസ്യം, വിദ്യാഭ്യാസം, ആരോഗ്യം, ഓഫീസ് നിർവഹണം എന്നിങ്ങനെ നാനാതുറകളിൽ പുത്തൻതലങ്ങൾ സൃഷ്ടിക്കാൻ മെറ്റാവേഴ്സിന് കഴിയും.
ഷോപ്പിംഗുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം മാത്രം പറയാം. ഗൃഹോപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഫർണിച്ചർ ഷോപ്പിൽ പോകാതെയും അവ വീട്ടിൽ എത്തിക്കാതെയും അലമാരകളും മേശകളും മറ്റും വീട്ടിൽ വിവിധയിടങ്ങളിൽ അണിനിരത്തിയാൽ ഓരോന്നും എത്ര ഭംഗിയുള്ളതാകുമെന്ന് കണ്ടറിയാനുള്ള സൗകര്യമൊരുക്കാൻ മെറ്റാവേഴ്സിന് കഴിയും. എന്നാൽ മറ്റ് ഡിജിറ്റൽ സങ്കേതങ്ങളെപ്പോലെതന്നെ ഇരുതല മൂർച്ചയുള്ള വാളാണ് മെറ്റാവേഴ്സും. നല്ല സാദ്ധ്യതകൾക്കൊപ്പം തന്നെ തെറ്റായ കാര്യങ്ങൾക്കും ഇത് വിനിയോഗിക്കപ്പെടാം. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയർത്താൻ കഴിയുന്ന സങ്കേതമാണിത്. 
മെറ്റാവേഴ്സിനാൽ പടത്തുയർത്തപ്പെടുന്ന സങ്കല്പലോകത്തിൽ അഭിരമിക്കാനുള്ള വാസന ഒരു അത്യാസക്തിയായി മാറാനിടയുണ്ടെന്നും അതുവഴി യാഥാർത്ഥ്യങ്ങളുമായുള്ള ബന്ധം അറ്റുപോകുമെന്ന വിമർശനവുമുണ്ട്. ഈ സങ്കേതമുപയോഗിച്ച് കുറ്റകൃത്യങ്ങളും ആക്രമണങ്ങളും നടത്തിയതായും റിപ്പോർട്ടുകളുണ്ട് . കുട്ടികളെ ദുരുപയോഗം ചെയ്യൽ, ലൈംഗികപീഡനം തുടങ്ങിയവ ഈ മാദ്ധ്യമത്തിലൂടെ നടക്കുന്നുവെന്ന ആരോപണവുമുണ്ട്. ഇത്തരം ഹീനകൃത്യങ്ങൾ പലപ്പോഴും സംഭവിക്കുന്നത് ഹാക്കിംഗ് വഴിയാണ്. യഥാർത്ഥ ഉപയോക്താവിന്റെ ഡിജിറ്റൽ രൂപം ഹാക്കർ കരസ്ഥമാക്കുകയും അയാൾ അധാർമിക കാര്യങ്ങൾക്കായി ഈ സാങ്കേതിക വിദ്യയെ ഉപകരണമാക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാൽ മെറ്റാവേഴ്സും നിയന്ത്രണ നിയമങ്ങൾക്കുള്ളിലാകേണ്ടതുണ്ട്. ഇതിനോടൊപ്പം തന്നെ മെറ്റാവേഴ്സിന്റെ അപാരമായ സദ്ഫലങ്ങൾ കരസ്ഥമാക്കാനുള്ള ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം.