
എം.എൽ.എ ഗണേശ് കുമാർ ആശുപത്രിമന്ദിരം തൂത്തുവൃത്തിയാക്കിയ സംഭവത്തെ അഭിനന്ദിച്ച് കേരളകൗമുദി മുഖപ്രസംഗം (മാർച്ച് എട്ട് ) വായിച്ചു. സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും മാത്രമല്ല, ജനങ്ങളുടെ പൊതുവികാരം ഉൾക്കൊള്ളുന്നതാണ്  എം.എൽ.എയുടെ നടപടിയും കേരളകൗമുദിയുടെ മുഖപ്രസംഗവും. ആശുപത്രി ശുചിത്വത്തിൽ പൊതുജനത്തിന്റെ പങ്കും മുഖപ്രസംഗത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ശുചിത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല കാത്തിരിപ്പിന്റെ കാര്യത്തിലും സർക്കാർ ആശുപത്രികളിൽ പൊതുജനങ്ങൾ നേരിടുന്ന പ്രയാസം ചെറുതല്ല. കേരളത്തിലേറ്റവും മികച്ച ചികിത്സ കിട്ടുന്ന തിരുവനന്തപുരത്തെ കണ്ണാശുപത്രിയുടെ കാര്യം തന്നെ ഏറ്റവും നല്ല ഉദാഹരണം. സ്വകാര്യ ആശുപത്രികളിലും കേന്ദ്ര ഗവൺമെന്റ്  ഒാഫീസുകളിലും പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോൾ ശുചീകരണത്തൊഴിലാളികളെ നിയമിക്കുന്നത് കരാർ അടിസ്ഥാനത്തിലാണ്. ഇക്കാര്യം നമ്മുടെ ഗവൺമെന്റിന് ആലോചിക്കാവുന്നതാണ്.
സർക്കാർ ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികേട്ട് അടിയന്തര പരിഹാരം നിർദ്ദേശിക്കുന്ന ആരോഗ്യമന്ത്രി ഇക്കാര്യത്തിലും വേണ്ടതുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പി.ജി. മൂർത്തി
തിരുവനന്തപുരം