
നാട്ടിലെ  കോൺഗ്രസുകാരുടെ കാര്യങ്ങൾ വളരെ വളരെ കഷ്ടത്തിലായിരിക്കുന്നു. പണ്ടൊക്കെ 'അടിയുറച്ച" കോൺഗ്രസുകാരെങ്കിലും നല്ല ഉഷാറോടെ തെക്കു-വടക്ക് നടക്കാനുണ്ടായിരുന്നു. അടിയുറച്ച കോൺഗ്രസ് എന്നുവച്ചാൽ, അവർ ഏതെങ്കിലും കമ്യൂണിസ്റ്റ് ശത്രുക്കളുടെ കണ്ണിൽ പെട്ടാൽ അടിയുറപ്പായിരുന്നു എന്നാണ് മലബാർനാട്ടിലൊക്കെ വിവക്ഷിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്താണ് അടിയുറച്ച കോൺഗ്രസുകാർക്ക് പിടിപ്പത് പണിയുണ്ടാവുന്നത്. അത്തരം കോൺഗ്രസുകാരെ പോലും നാട്ടിലിപ്പോൾ കാണാനേയില്ല. മലബാർ വിട്ട് പുറംനാട്ടിലേക്ക് പോവുകയാണെങ്കിലോ കോൺഗ്രസുകാർക്ക് അങ്ങനെ ഉഷാറായി നടക്കാനുള്ള ആരോഗ്യം പോലുമില്ലാതായിരിക്കുന്നു. ഹിമോഗ്ലോബിനൊക്കെ പോയി ഒരുമാതിരി സിക്കിൾസെൽ അനീമിയ പിടിപെട്ട അവസ്ഥയിലാണെന്ന് പുറംനാട്ടിൽ സഞ്ചരിക്കാനിടവന്ന ചില യോഗിമാർ പറയുന്നു. പണ്ടൊക്കെ മഹാപ്രതാപികളായി നടന്നിരുന്ന കൂട്ടരായിരുന്നെന്ന് പറയുമ്പോൾ ഈ യോഗിമാരിൽപ്പെട്ട യോഗി ആദിത്യനാഥിന് പോലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. അദ്ദേഹം ഗദ്ഗദ കണ്ഠനായി.
അലൻ ഒക്ടേവിയോ ഹ്യൂം കോൺഗ്രസിനെ ഉണ്ടാക്കുമ്പോൾ ഒരിക്കലും അതിന് ഇങ്ങനെയൊരു ഗതി വരുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യക്കാരെ കെട്ടുകെട്ടിച്ച മഹാത്മാഗാന്ധിയുടെ കോൺഗ്രസാണോ ഇന്നത്തെ കോൺഗ്രസെന്ന് ചിലരെല്ലാം ചോദിക്കുന്നു. മഹാത്മാഗാന്ധിയുടെ ഗുജറാത്തിലാണെങ്കിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലനെയും കോൺഗ്രസിനെയും ഒരേ പട്ടികയിൽ പെടുത്തി സംരക്ഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നതത്രേ.
ഉത്തർപ്രദേശിലെ കോൺഗ്രസിനെ കണ്ടാൽ ആരുടെയും കണ്ണുനിറഞ്ഞുപോവുമെന്ന് പറയുന്നു. പ്രിയങ്ക മോൾ അവിടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് നടന്നുവെന്നത് ശരിയാണ്. പക്ഷേ നാട്ടുകാർ അതിന് പുല്ലുവില പോലും കല്പിച്ചില്ല. ഉത്തർപ്രദേശിൽ നാന്നൂറ്റിച്ചില്വാനം വരുന്ന അസംബ്ലി സീറ്റുകളിൽ കഷ്ടിച്ച് രണ്ട് സീറ്റിൽ കോൺഗ്രസിന് കടന്നുകൂടാനായത് തന്നെ മഹാഭാഗ്യം.
രാഹുൽമോനെ പറഞ്ഞിട്ട് കാര്യമില്ല. രാഹുൽമോന്റെ സങ്കടങ്ങൾ ആരറിയുന്നു. കുഞ്ഞുകുട്ടി പരാധീനതകൾ തീർന്നിട്ട് വേണ്ടേ രാഹുൽമോന് വേറെ വല്ലതിനെപ്പറ്റിയും ചിന്തിക്കാൻ. രാഹുൽമോന്റെ മനസ്സ് ഏറ്റവും അറിയുന്നയാൾ കെ.സി. വേണുഗോപാൽജിയാണ്. വേണുഗോപാൽജിക്ക് രാഹുൽമോന്റെ ഹൃദയമിടിപ്പ് പോലും ദൂരെനിന്ന് കേൾക്കാനാവും. അതുകൊണ്ട് ആ സങ്കടങ്ങൾ വേണുഗോപാൽജി മാത്രം കേൾക്കുന്നു.
വേണുഗോപാൽജിക്ക് കേരളത്തിൽ നല്ല പേരൊക്കെയാണ്. പിണറായി സഖാവിന്റെ സർക്കാർ വേണുഗോപാൽജിയെ ബലാത്സംഗക്കേസിൽ പ്രതിയാക്കിയതോടെ വേണുഗോപാൽജിയുടെ കീർത്തി പിന്നെയും ഉയർന്നു. വേണുഗോപാൽജിയും ഗോപാലകൃഷ്ണനും ഒരുപോലെയാണെന്ന് ആളുകൾ പറയുന്നത് ഈ കേസിന്റെ വെളിച്ചത്തിൽ കൂടിയാണ്. രാഹുൽമോന്റെ കൂട്ടായേപ്പിന്നെ വേണുഗോപാൽജിയാണ് അങ്ങ് കാശ്മീർ തൊട്ട് കന്യാകുമാരി വരെ കോൺഗ്രസിനെ കൊണ്ടുനടക്കുന്നത്. അതിന്റെ മികവിപ്പോൾ കാണാനുണ്ട്.
രാഹുൽമോന്റെ സങ്കടങ്ങൾ തിരിച്ചറിയുന്ന വേണുഗോപാൽജി രാജ്യത്തെ കോൺഗ്രസിനെ ഉത്തരോത്തരം ചലിപ്പിക്കുന്ന തിരക്കിലേർപ്പെട്ട് വരികയായിരുന്നു. അങ്ങനെ ചലിപ്പിച്ചപ്പോൾ കണികാണാൻ പോലും ഒരു കോൺഗ്രസുകാരനെ കിട്ടാതായിയെന്നത് ശരിയാണ്. അത് വേണുഗോപാൽജിയുടെ കുറ്റമായി പറയാനാവില്ല. മൂന്ന് കൊല്ലമായിട്ട് കോൺഗ്രസിന് ഒരു പ്രസിഡന്റ് തന്നെയില്ല. അപ്പോൾപ്പിന്നെ അദ്ദേഹമെന്ത് പിഴച്ചു! ചില നേരത്തും കാലത്തും അങ്ങനെയാണ്. അതൊക്കെ ജാതകവിധിയാണ്.
പഞ്ചാബികൾ ഒരു കണക്കിന് നോക്കിയാൽ വളരെ സത്യസന്ധന്മാരാണ്. അതുകൊണ്ട് അവർ കോൺഗ്രസിന് പകരം ആപ്പിനെ വിജയിപ്പിച്ചു. പഞ്ചാബ് മുഴുവനായി നടന്നൊന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ആപ്പിനെ അവർ തിരഞ്ഞെടുത്തെങ്കിൽ കോൺഗ്രസ് അന്നാട്ടിൽ ചെയ്തുകൊടുത്ത സേവനം അത്രയ്ക്ക് മഹത്തരമായിരിക്കുമല്ലോ. വേണുഗോപാൽജി കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായതിന്റെ നേട്ടമായി വേണം ഇതിനെ കാണാൻ. അതും ഒരു സേവനമാണല്ലോ. ഉത്തർപ്രദേശിൽ യോഗിയുടെ ഭാ.ജ.പാ. മതിയെന്ന് ആ നാട്ടുകാർ ചിന്തിച്ചപ്പോഴാണ് പഞ്ചാബികൾ വഴിയേ പോയ ആപ്പ് മതിയെന്ന്  പറഞ്ഞത്. അതായത്, ഏത് ആപ്പിനും കൊട്ടാവുന്ന ചെണ്ടയുടെ പരുവത്തിലേക്ക് കോൺഗ്രസ് എത്തിപ്പെട്ടിരിക്കുന്നു!
പണ്ഡിറ്റ് നെഹ്റു ശാസ്ത്രിജി വഴി മകൾ ഇന്ദിരാഗാന്ധിക്ക് കൊടുത്ത താക്കോലാണ് രാജീവ്ഗാന്ധി വഴി മറിഞ്ഞ് രാഹുൽമോന്റെ കൈകളിലേക്കെത്തിച്ചേർന്നത്. ഇന്ദിരാഗാന്ധി നാട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേപ്പിന്നെയാണ് കോൺഗ്രസിന് 'വച്ചടി വച്ചടി കയറ്റം " ഉണ്ടായിത്തുടങ്ങുന്നത്. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റുകളൊക്കെ ജയിലിൽക്കിടന്ന് ജനതാപാർട്ടിയുണ്ടാക്കി. അവർ ജനസംഘം എന്ന വിദ്വാന്മാരെ കൂട്ടുപിടിച്ചു. അങ്ങനെ ക്ലച്ച് പിടിച്ച ജനസംഘം ക്രമേണ ഭാ.ജ.പ ആയി. ജനതാപാർട്ടി പലപല അവാന്തര വിഭാഗങ്ങളായി അവിടവിടങ്ങളിൽ കഷണം കഷണമായി നിന്നു പിഴച്ചു. ജാതിപാർട്ടികളും ഉപജാതി പാർട്ടികളും വന്നു. ഇവ ശക്തിപ്പെട്ടതോടെ കോൺഗ്രസിന്റെ വേര് ചീഞ്ഞുതുടങ്ങി. ചീഞ്ഞുചീഞ്ഞ് ഒരവസ്ഥയിലെത്തി. ഭാ.ജ.പ വേറൊരു ലെവലിലുമെത്തി. എന്തിനേറെ പറയുന്നു, കഞ്ഞിക്കലം കഴുത്തിൽ കുരുങ്ങിയ പൂച്ചയെപ്പോലെ നെഹ്റു കുടുംബത്തിന്റെ കലത്തിൽ നിന്ന് പുറത്തുകടക്കാനാവാതെ കോൺഗ്രസുകാർ ഗതികെട്ട് വശായി.
ഇനിയിപ്പോൾ ഉദകക്രിയ ആര് ചെയ്യേണ്ടൂവെന്ന് ചോദിച്ച് നില്പാണ്. രാഹുൽമോനും വേണുഗോപാൽജിയും എന്തെങ്കിലുമൊരു വഴി കണ്ടെത്താതിരിക്കില്ല, അല്ലേ!
(ഇ-മെയിൽ: dronar.keralakaumudi@gmail.com)