
 
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി എന്ന വലിയ അംഗീകാരം കിട്ടിയത് നിരവധി പേരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ്. ഇതിന്റെ പേരിൽ മലയാളികൾ പല ധിഷണാശാലികളോടും കടപ്പെട്ടിട്ടുണ്ടെങ്കിലും ഹൃദയപൂർവം അനുസ്മരിക്കേണ്ട ഒരു വ്യക്തിയുണ്ടായിരുന്നു. കർമപഥത്തിന്റെ ഏറിയകൂറും മലയാള ഭാഷയുടെ വളർച്ചയ്ക്കും നവീകരണത്തിനും പ്രചാരണത്തിനുമായി മാറ്റിവച്ച ഡോ.പുതുശ്ശേരി രാമചന്ദ്രൻ. സാഹിത്യ രംഗത്തും സാമൂഹിക രംഗത്തും അതുല്യവും അപൂർവവുമായ സംഭാവനകൾ നൽകിയ പുതുശ്ശേരി സാർ ഓർമ്മയായിട്ട് രണ്ടു വർഷം തികയുന്നു. 2020 മാർച്ച് 14 ന് 94-ാം വയസിലായിരുന്നു ആ വിയോഗം.
ഓർക്കാനും പറയാനും എഴുതാനും അഭിമാനിക്കാനും ഏറെ കാമ്പുള്ള കുറെ കാര്യങ്ങൾ ചെയ്താണ് പുതുശ്ശേരി വിടവാങ്ങിയത്. മലയാള ഭാഷയോട് എക്കാലവും അദ്ദേഹം കാട്ടിയ സമർപ്പണ രൂപത്തിലുള്ള സ്നേഹത്തിന് തത്തുല്യമായ തിരികെ കൊടുക്കലുണ്ടായോ എന്നത് വിചിന്തനം നടത്തേണ്ട വിഷയമാണ്. പക്ഷേ മാതൃഭാഷയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രയത്നങ്ങളും എന്തെങ്കിലും തിരികെ പ്രതീക്ഷിച്ചായിരുന്നില്ല,ഒരു നിയോഗം പോലെയായിരുന്നു അത്. കവി, ഭാഷാ ഗവേഷകൻ, അദ്ധ്യാപകൻ തുടങ്ങിയ മേഖലകളിൽ പൂർണാർത്ഥത്തിൽ തിളങ്ങിയ അദ്ദേഹം കറകളഞ്ഞ കമ്മ്യൂണിസ്റ്റുമായിരുന്നു. മലയാളത്തിൽ വിപ്ളവസാഹിത്യത്തിന് വേരുറപ്പുണ്ടാക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ച എഴുത്തുകാരിലെ പ്രമുഖനുമായിരുന്നു. ഭാഷാ, സാഹിത്യ, സാമൂഹിക മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും ശരിയായി വിലയിരുത്തപ്പെടാൻ പോകുന്നതേയുള്ളൂ.
വ്യത്യസ്ത മേഖലകളിൽ പ്രതിഭയുടെ പ്രകാശം പരത്തിയെങ്കിലും. ആ പേര് കൂടുതൽ ചേർന്നു നിൽക്കുക മലയാള കവിതാ ചരിത്രത്തോടാണ്. കവിതാ സാഹിത്യത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് പുതുശ്ശേരിയുടെ കാവ്യജീവിതത്തിന്റെ തുടക്കം. പി.ഭാസ്കരനും വയലാറും ഒ.എൻ.വിയും തിരുനല്ലൂരും പുനലൂർ ബാലനുമെല്ലാം കാവ്യസദസിൽ നിറഞ്ഞു നിൽക്കുമ്പോൾത്തന്നെയാണ് വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെ പുതുശ്ശേരി കാവ്യസഞ്ചാരം തുടങ്ങിയത്. മണ്ണിന്റെയും മനുഷ്യന്റെയും ആത്മാംശങ്ങൾകൊണ്ട് സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. അതേസമയം കണ്ണശ്ശരാമായണം കണ്ടെത്തി അതിന്മേൽ വൈജ്ഞാനിക തൃഷ്ണയോടെ നടത്തിയ തുടർപഠനങ്ങൾ അദ്ദേഹത്തിലെ ഗവേഷക കുതുകിക്ക് ദൃഷ്ടാന്തമാണ്. കേരളചരിത്രവുമായി ബന്ധപ്പെട്ട് ആധികാരിക രേഖകൾ കണ്ടെത്താനും അത് പഠനോപകാരപ്രദമാം വിധം അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. 1977-ൽ അദ്ദേഹം മുഖ്യസംഘാടകനായി സംഘടിപ്പിച്ച ലോക മലയാള സമ്മേളനം ചരിത്ര സംഭവമായി മാറി. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മലയാളികളെ ആ സമ്മേളനം തെല്ലൊന്നുമല്ല ആവേശംകൊള്ളിച്ചത്.
മാവേലിക്കര താലൂക്കിൽ വള്ളികുന്നത്ത് പോക്കാട്ട് ദാമോദരൻ പിള്ളയുടെയും പുതുശ്ശേരിൽ ജാനികയമ്മയുടെയും മകനായി ജനിച്ച പുതുശ്ശേരി രാമചന്ദ്രൻ, വിദ്യാർത്ഥിയായിരിക്കെത്തന്നെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു. പുന്നപ്ര- വയലാർ സമരത്തെ തുടർന്ന് വിദ്യാർത്ഥി പ്രക്ഷോഭത്തിലും പങ്കാളിയായി. 1947-ലെ പേട്ട വെടിവയ്പിനെ തുടർന്ന്, വിദ്യാർത്ഥി സമരത്തിന് നേതൃത്വം കൊടുത്തതിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു.
1951-53 കാലത്ത് കമ്മ്യൂണിസ്റ്ര് പാർട്ടിയുടെ വള്ളികുന്നം- ശൂരനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഈ സമര പശ്ചാത്തലമാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കവിതകൾക്ക് ഒരു മാർക്സിയൻ കാഴ്ചപ്പാട് ലഭിക്കാൻ കാരണം. സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന ഉത്കടമായ ആഗ്രഹവും വിശ്വാസവും അദ്ദേഹത്തിന്റെ ജീവിതത്തിലും സാഹിത്യരചനയിലും എന്നും പ്രകാശിച്ചു നിന്നു.