
റഷ്യ- യുക്രെയിൻ സംഘർഷം അവസാനിച്ചിട്ടില്ലെങ്കിലും അതിന്റെ അന്തിമഫലം റഷ്യയുടെ ഉദ്ദേശ്യപ്രാപ്തി ആയിരിക്കുമെന്നതിൽ സംശയമില്ല. അതിനുള്ള പ്രധാന കാരണം, റഷ്യയും ചൈനയും തമ്മിലുണ്ടായ പുതിയ ബാന്ധവമാണ്. ഫെബ്രുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നത് റഷ്യ- ചൈന ബന്ധങ്ങളിൽ ചരിത്രപരമായ മാറ്റമുണ്ടായിരിക്കുന്നു എന്നാണ്. യുക്രെയിന്റെ കാര്യത്തിൽ ചൈനയും ഭാവിയിൽ തയ്വാൻ പ്രശ്നത്തിൽ റഷ്യയും അന്യോന്യം സഹകരിക്കുമെന്ന തീരുമാനം ലോകക്രമത്തിലുണ്ടായ പ്രധാന മാറ്റമാണ് സൂചിപ്പിക്കുന്നത്. ലോകത്തിനു മുഴുവനും; ഇന്ത്യയ്ക്ക് പ്രത്യേകിച്ചും വെല്ലുവിളിയാണ് റഷ്യാ- ചൈന ബന്ധം.
റഷ്യയ്ക്ക് യുക്രെയിൻ എന്നതു പോലെ പ്രധാനപ്പെട്ടതാണ് ചൈനയ്ക്ക് തയ്വാൻ. മാതൃരാജ്യത്തിൽ നിന്നു ഭിന്നിച്ച് സ്വതന്ത്രരാജ്യമായ തയ്വാൻ വീണ്ടും ചൈനയുടെ ഭാഗമാകണമെന്നത് ചൈനയുടെ പ്രഖ്യാപിത നയമാണ്. ലോകം മുഴുവൻ 'ഒറ്റ ചൈന" എന്ന ആശയത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ലോകരാജ്യങ്ങൾ തയ്വാനുമായി സഹകരിക്കുന്നു എന്നതും തയ്വാന്റെ സാന്നിദ്ധ്യം സാമ്പത്തികമായി ചൈനയ്ക്ക് സഹായകമാണെന്നതും അമേരിക്ക തയ്വാനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമാണ് ചൈനയുടെ ഇതുവരെയുള്ള സംയമനത്തിനു കാരണം. റഷ്യ- ചൈന സംയുക്ത പ്രസ്താവന പ്രഖ്യാപിച്ചിരിക്കുന്നത്, രണ്ടു രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് അതിർത്തികളില്ലെന്നും, അതിൽ അനുവദിക്കാത്തതായി ഒരുതരത്തിലുള്ള സഹകരണവും ഇല്ലെന്നുമാണ്. അവരുടെ സഹകരണം രഹസ്യമായിരിക്കുമെങ്കിലും യുക്രെയിന്റെ കാര്യത്തിൽ ചൈനയുടെ നിലപാട് വ്യക്തമാക്കുന്നത് അവരുടെ ബന്ധം സൈനിക കരാറായി മാറിയിരിക്കുന്നുവെന്നാണ്. ഒരു വലിയ മഞ്ഞുകട്ടിയുടെ ഉപരിതലം മാത്രമാണ് നാമിപ്പോൾ കാണുന്നത്.
റഷ്യ 2014 ൽ ക്രൈമിയ പിടിച്ചെടുത്തപ്പോൾ ചൈന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുക്രെയിന്റെ കാര്യത്തിൽ ചൈന സ്വീകരിച്ചിരിക്കുന്ന നിലപാട് വളരെ വ്യത്യസ്തമാണ്. വോട്ടിൽ നിന്ന് ചൈന വിട്ടുനിന്നെങ്കിലും റഷ്യയും യൂറോപ്പുമായുള്ള സംഘർഷത്തിൽ ചൈന പരസ്യമായിത്തന്നെ നേറ്റോയുടെ വികസനത്തെ എതിർക്കുകയാണ്. യുക്രെയിനെ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ചൈന റഷ്യയുടെ എല്ലാ ആവശ്യങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്പിൽ റഷ്യ ആവശ്യപ്പെടുന്ന സുരക്ഷ അത്യാവശ്യമാണെന്നാണ് ചൈനയുടെ നിലപാട്. റഷ്യയാണെങ്കിൽ തയ്വാൻ, ക്വാഡ്, ഓക്കസ്, അമേരിക്കയുടെ ഇന്ത്യാ- പസഫിക് നയം എന്നീ കാര്യങ്ങളിൽ ചൈനയ്ക്ക് പൂർണ പിന്തുണ നൽകുകയുമാണ്. ദക്ഷിണചൈനാ സമുദ്രത്തിലെ ചൈനയുടെ ആധിപത്യത്തെ റഷ്യ പിന്താങ്ങിയിട്ടില്ലെങ്കിലും അവിടെയും മുൻ നയം മാറാൻ സാദ്ധ്യതയുണ്ട്. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ആധിപത്യം അവസാനിപ്പിച്ച് ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാനുള്ള സമയമായിരിക്കുന്നു എന്ന് ചൈനയും റഷ്യയും നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചൈന തയ്വാനു നേരെ ബലം പ്രയോഗിക്കുമെന്ന് തീർച്ചയാണ്. യുക്രെയിന്റെ കാര്യത്തിൽ അമേരിക്ക യുദ്ധം ചെയ്യാൻ തയ്യാറാകാത്തതാണ് ചൈനയ്ക്ക് കൂടുതൽ ധൈര്യം പകരുന്നത്. അതുകൊണ്ട് തയ്വാനെതിരായ ഒരു ചൈനീസ് ആക്രമണം 2027-നു മുമ്പ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. അമേരിക്ക തയ്വാനിൽ ഒരു ഭീകരയുദ്ധം നടത്തില്ലെന്ന സൂചനയാണ് യുക്രെയിനിൽ നിന്ന് ചൈന പഠിച്ച പാഠം. വിജയത്തിന്റെ സാദ്ധ്യതകൾ വ്യക്തമാകുമ്പോഴായിരിക്കും ആക്രമണത്തിന്റെ സമയം നിശ്ചയിക്കപ്പെടുക.
യുക്രെയിനിൽ നിന്ന് വ്യത്യസ്തമായി അമേരിക്കയും തയ്വാനും തമ്മിൽ സൈനിക സഹകരണത്തിന് കരാറുകളുണ്ട്. തയ്വാൻ തന്നെ സാമ്പത്തികമായും സൈനികമായും ശക്തിയുള്ള രാജ്യമാണ്. അതിനാൽ ചൈനയുടെ ആക്രമണം വലിയ തയ്യാറെടുപ്പുകൾക്കു ശേഷമേ ഉണ്ടാകൂ. യുക്രെയിന്റെ കാര്യത്തിൽ അമേരിക്ക എടുക്കുന്ന നടപടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ചൈന. റഷ്യയും ചൈനയും വലിയ ജനാധിപത്യ രാജ്യങ്ങളാണെന്ന് സ്വയം അവകാശപ്പെടുന്നത് വിചിത്രമാണെങ്കിലും ഈ രണ്ടു രാജ്യങ്ങളും അവരുടെ അധികാര പ്രത്യയശാസ്ത്രത്തെ ജനാധിപത്യമായി ചിത്രീകരിക്കുന്നത് ജനാധിപത്യ രാഷ്ട്രങ്ങൾക്കു മേലുള്ള അമേരിക്കയുടെ നേതൃത്വത്തെ വെല്ലുവിളിക്കാനാണ്.
തയ്വാനെ ആക്രമിച്ചാൽ അമേരിക്കയുടെ എതിർപ്പ് അഭിമുഖീകരിക്കാൻ തങ്ങൾക്ക് ശക്തിയുണ്ടാകുമെന്ന് ചൈനയ്ക്ക് തീർച്ചയില്ല. അമേരിക്കയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമല്ലതാനും. തയ്വാനുവേണ്ടി യുദ്ധം ചെയ്യാനുള്ള ദൃഢനിശ്ചയം അമേരിക്കയ്ക്ക് ഇല്ല എന്നതാണ് സത്യം. തയ്വാന്റെ കാര്യത്തിൽ ചൈനയ്ക്ക് അമേരിക്കയേക്കാൾ താത്പര്യമുണ്ടെന്ന യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ടായിരിക്കും അമേരിക്ക പ്രതികരിക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ മൗലികമായ നിലപാടുകളെ മുഴുവനായി എതിർക്കാൻ പാടില്ലെന്ന തത്വമാണ് യുക്രെയിന്റെ കാര്യത്തിൽ സ്വീകരിച്ചതെന്ന വസ്തുത, തയ്വാൻ ആക്രമണം നടത്താൻ ചൈനയ്ക്ക് ധൈര്യം നൽകുന്നുണ്ടായിരിക്കാം.
യുക്രെയിനും തയ്വാനും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളാണെങ്കിലും റഷ്യയുടെയും ചൈനയുടെയും മൗലിക താത്പര്യങ്ങളെ എതിർക്കാൻ അമേരിക്കയും- വിശേഷിച്ച് പ്രസിഡന്റ് ബൈഡനും തയ്യാറാകില്ലെന്ന സന്ദേശമാണ് യുക്രെയിൻ യുദ്ധം നൽകുന്നത്. റഷ്യ - ചൈന ബന്ധം ചൈനയുടെ തയ്വാൻ നയത്തിൽ നിർണായകമാകുമെന്നത് തീർച്ചയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ റഷ്യ- ചൈന സൗഹൃദം അതിപ്രധാനമാണ്. ചൈനയ്ക്കെതിരെ പ്രതിരോധത്തിന് അമേരിക്കയുമായുള്ള ബന്ധം മതിയാകുമോ എന്ന സംശയം ഉയർന്നുവരികയാണ്. തയ്വാന്റെ കാര്യത്തിൽ അമേരിക്ക പരാജയപ്പെട്ടാൽ ആ രാജ്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും അമേരിക്കയും ചൈനയുമായി ഇപ്പോഴുള്ള ശത്രുത കുറയുകയും ചെയ്യും. അത്തരം സാഹചര്യത്തിൽ ഇന്ത്യ നേരിടുന്ന ചൈനീസ് ഭീഷണി വർദ്ധിക്കുകതന്നെ ചെയ്യും. ആ സാഹചര്യത്തിൽ റഷ്യയ്ക്ക് ഇന്ത്യയോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകാനും സാദ്ധ്യതയുണ്ട്. അതിനാൽ ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയുടെ തന്നെ ഉത്തരവാദിത്വമായിരിക്കും. അതിനാൽ റഷ്യ- ചൈന ബന്ധങ്ങളും യുക്രെയിന്റെയും തയ്വാന്റെയും ഭാവിയും കണക്കിലെടുത്ത് ഇന്ത്യയ്ക്ക് ശക്തമായ പ്രതിരോധം സ്ഥാപിക്കേണ്ടിവരും.