
വത്തിക്കാൻ: റഷ്യൻ സൈന്യത്തിന്റെ യുക്രെയിൻ അധിനിവേശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ.
'റഷ്യ യുക്രെയിനിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം.
യുക്രെയിൻ നഗരങ്ങളെ ശവപ്പറമ്പാക്കരുത്. റഷ്യ സൈനിക നടപടിയിൽ നിന്ന് പിന്മാറണമെന്നും' സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച പ്രാർത്ഥനയിൽ മാർപാപ്പ പറഞ്ഞു.
റഷ്യയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം നീതിക്ക് നിരക്കാത്തതും പൈശാചികവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ മേരിയുടെ നാമത്തിലുള്ള നഗരമായ മരിയുപോൾ ശവപ്പറമ്പായി. ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും എത്രയും പെട്ടെന്ന് അവസാനിക്കാനായി പ്രാർത്ഥിക്കാം. മനുഷ്യത്വ ഇടനാഴിലൂടെയുള്ള രക്ഷാപ്രവർത്തനത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിനിലെ ജനവാസ മേഖലകൾ റഷ്യൻ സൈന്യം ആക്രമിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മാർപാപ്പയുടെ പ്രതികരണം.