
കൊൽക്കത്ത: അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ മോഷണം നടത്തിയ ബംഗാളി നടി രൂപ ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തു. പുസ്തകമേള നടക്കുന്ന സമയത്ത് ഇവർ ഒരു പേഴ്സ് ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്യുകയും പരിശോധനയിൽ ബാഗിൽ നിന്ന് നിരവധി പേഴ്സുകളും 75,000 രൂപയും കണ്ടെടുക്കുകയും ചെയ്തു. വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത നടിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മുമ്പ് ഇവർ സിനിമാ നിർമ്മാതാവ് അനുരാഗ് കശ്യപിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.അനുരാഗ് കശ്യപ്
ഫേസ് ബുക്കിലൂടെ അശ്ലീലസന്ദേശങ്ങൾ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം. സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും നടി പങ്കുവച്ചിരുന്നു. എന്നാൽ അനുരാഗ് എന്ന പേരുള്ള മറ്റൊരാളാണ് നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.