pant

ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി റെക്കാഡ് ഇനി റിഷഭ് പന്തിന്റെ പേരിൽ. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് 1982ൽ കുറിച്ച റെക്കാഡാണ് റിഷഭ് പന്ത് പഴങ്കഥയാക്കിയത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 28 പന്തിൽ അർദ്ധസെഞ്ചുറി നേടിയതോടെയാണ് പന്ത് പുതിയ റെക്കാഡ‌ിന് ഉടമയായത്. പാകിസ്ഥാനെതിരെ കറാച്ചി ടെസ്റ്റിലായിരുന്നു കപിൽ ദേവിന്റെ റെക്കാഡ് പ്രകടനം. അന്ന് 30 പന്തുകളിലാണ് കപിൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്.

അതേസമയം ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്സിൽ 109 റൺസിന് പുറത്താക്കിയ ഇന്ത്യ കൂറ്റൻ ലീഡ് ലക്ഷമിട്ട് ബാറ്റിംഗ് തുടരുകയാണ്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ രണ്ടാം സെഷനിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തിട്ടുണ്ട്. 18 റൺസോടെ ശ്രേയസ് അയ്യറും 10 റൺസോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യക്ക് 342 റൺസിന്റെ ലീഡുണ്ട്.

ഓപ്പണർമാരായ മായങ്ക് അഗർവാളും രോഹിത് ശർമ്മയും ബൗളർമാരെ അകമഴിഞ്ഞ തുണയ്ക്കുന്ന ബംഗളൂരു പിച്ചിൽ മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഇന്ത്യയ്ക്ക് റിഷഭ് പന്തിന്റെ ആക്രമണശൈലിയിലുള്ള ബാറ്റിംഗാണ് കരുത്തേകിയത്. 31 പന്തിൽ 50 റൺസെടുത്ത പന്ത്, ജയവിക്രമയുടെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. ലങ്കയ്ക്ക് വേണ്ടി ജയവിക്രമ മൂന്ന് വിക്കറ്റുകളും ധനഞ്ജയ ഡിസിൽവയും ലസിത് എംബുദെനിയയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ബുംറയും അശ്വിനുമാണ് ലങ്കൻ ബാറ്റിംഗ് നിരയെ തകർത്തടുക്കിയത്. 144 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. ഇന്നത്തെ രണ്ട് വിക്കറ്റോടെ ബുംറ ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 10 ഓവറുകളിൽ 24 റൺസ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റുകൾ നേടിയത്. 18 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി ഷമിയും 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി അശ്വിനും ബുംറയ്‌ക്ക് നല്ല പിന്തുണയേകി. അക്‌സർ പട്ടേൽ 21 റൺസ് വഴങ്ങി ഒരുവിക്കറ്റ് നേടി. ലങ്കയ്‌ക്കായി ഏഞ്ചലോ മാത്യൂസ് 43 റൺസും നിരോഷൺ ഡിക്‌വെല്ല 21 റൺസും നേടി.