kk

കൊച്ചി : അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തിര‌ഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിനെ വിമർശിച്ച് പ്രശസ്ത സാഹിത്യകാരൻ ടി. പദ്‌മനാഭൻ. എറണാകുളം ഡിസിസി സംഘടിപ്പിച്ച പോൾ പി. മാണി ലൈബ്രറിയുടെയും സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനവേദിയിലാണ് പ്രമുഖ കോൺഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പദ്‌മനാഭന്റെ വിമർശനം.

രാഹുൽഗാന്ധിയുടെ അമേഠിയിലെ പരാജയത്തെയും അദ്ദേഹം നിശിതമായി വിമർശിച്ചു. താൻ സ്മൃതി ഇറാനിയുടെ ആരാധകനല്ലെന്നും ഇനിയൊട്ട് ആവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തോറ്റ ശേഷവും അമേഠിയിൽ പോയി വിജയം നേടിയ കാര്യത്തിൽ അവരെ നമിക്കുന്നുവെന്നും പ‌ദ്‌മനാഭൻ വ്യക്തമാക്കി. ''തോറ്റതിന് ശേഷം നിത്യവും അവർ ആ മണ്ഡലത്തിൽപോയി. എന്നെ തോൽപിച്ചവരല്ലെ ഞാനിനി ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞില്ല. അതിന്റെ ഫലം അഞ്ചുവർഷത്തിനുള്ളിൽ അവർക്ക് കിട്ടി. എന്നിട്ടാണ് ബഹുമാന്യനായ രാഹുൽജി വയനാട്ടിലേക്ക് വരാൻ കാരണമായത്. ഒരു കൂട്ടർ തീരുമാനിച്ചാൽ കോൺഗ്രസിനെ തോൽപ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും കഴിയും. അവർ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല, കോൺഗ്രസുകാർ തന്നെയാണെന്നും പദ്‌മനാഭൻ പറഞ്ഞു.

അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ചുതൂങ്ങിയതാണ് തോൽവികൾക്ക് പിന്നാലെയുള‌ള തോൽവികൾക്ക് കാരണം. എക്കാലത്തും അധികാരത്തിൽ അള‌ളിപ്പിടിച്ചിരിക്കുക എന്നത് ദാരുണമാണ്. മനുഷ്യന് ആർത്തിയും ആഗ്രഹവുമുണ്ടാകാം. പക്ഷെ ദുരാർത്തിയും ദുരാഗ്രഹവും പാടില്ല. റോബർട്ട് വാദ്ര രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി വാദ്ര വരാത്ത കുറവേ കോൺഗ്രസിനുള‌ളുവെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എം ഹസൻ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയ കോൺഗ്രസിലെ പ്രമുഖ നേതാക്കളെയെല്ലാം വേദിയിലിരുത്തിയാണ് അദ്ദേഹം സംസാരിച്ചത്.