
രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 446 റൺസ് ലീഡ്
ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 109 റൺസിന് ആൾഒൗട്ട് ,രണ്ടാം ഇന്നിംഗ്സിൽ 28/1
ജസ്പ്രീത് ബുംറയ്ക്ക് അഞ്ചുവിക്കറ്റ്, ഇന്ത്യൻ മണ്ണിൽ ആദ്യം
ബംഗളുരു : ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വ്യക്തമായ ആധിപത്യമുറപ്പിച്ച് ഇന്ത്യ. രണ്ടാം ദിവസമായ ഇന്നലെ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് വെറും 109 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ഇന്നിംഗ്സിനിറങ്ങി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ303 റൺസിലെത്തി ഡിക്ളയർ ചെയ്തു.തുടർന്ന് 447 റൺസിന്റെ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ലങ്കരണ്ടാം ദിവസം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 28 റൺസിലെത്തിയിട്ടുണ്ട്.419 റൺസ് പിന്നിലാണ് ഇപ്പോൾ സന്ദർശകർ.
ആദ്യ ദിവസം ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 252 റൺസിന് ആൾഒൗട്ടായിരുന്നു. ലങ്കയുടെ ആദ്യ ഇന്നിംഗ്സ് 86/6ൽ നിൽക്കവേയാണ് ആദ്യ ദിനം കളി അവസാനിപ്പിച്ചിരുന്നത്. ഇന്നലെ ലങ്കയുടെ ഒന്നാം നന്നിംഗ്സിന് കർട്ടനിടാൻ വെറും 35 പന്തുകൾ കൂടിയേ ഇന്ത്യയ്ക്ക് വേണ്ടിവന്നുള്ളൂ. അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ വൈസ് ക്യാപ്ടനും പേസറുമായ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിനും ഷമിയും ഒരു വിക്കറ്റ് സ്വന്തമാക്കിയ അക്ഷർ പട്ടേലും ബൗളിംഗിൽ തിളങ്ങി. വമ്പൻ ലീഡ് ലക്ഷ്യമിട്ട് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക്
രോഹിത് ശർമ്മ(46),മായാങ്ക് അഗർവാൾ(22) ഹനുമ വിഹാരി (35),വിരാട് കൊഹ്‌ലി (13) റിഷഭ് പന്ത് (50),ശ്രേയസ് അയ്യർ(67),ജഡേജ(22), അശ്വിൻ (13),അക്ഷർ (9) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്നലെ തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ലസിത്ത് എംബുൽദേനിയയെ (1)കീപ്പർ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ച് ബുറയാണ് ലങ്കൻ വേട്ട പുനരാരംഭിച്ചത്. അടുത്ത ഓവറിൽ സുരംഗ ലക്മലിനെ അശ്വിൻ ക്ളീൻ ബൗൾഡാക്കി. കൃത്യം 100 റൺസിലെത്തിച്ചപ്പോൾ നിരോഷൻ ഡിക്ക്‌വെല്ലയെയും ബുംറ കൂടാരം കയറ്റി. ഡിക്ക്‌വെല്ലയെ ക്യാച്ചെടുത്ത റിഷഭ് പന്ത് വിശ്വഫെർണാണ്ടോയെ അശ്വിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് ലങ്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിംഗിൽ രോഹിതും മായാങ്കും 42 റൺസ് കൂട്ടിച്ചേർത്തു.11-ാം ഓവറിൽ മായാങ്ക് മടങ്ങിയ ശേഷം രോഹിതും ഹനുമ വിഹാരിയും ചേർന്ന് 98 റൺസിലെത്തിച്ചു.നായകനെന്ന നിലയിലെ ആദ്യ ടെസ്റ്റ് അർദ്ധ സെഞ്ച്വറിയിലേക്ക് കുതിച്ച രോഹിതിനെ ധനഞ്ജയ ഡിസിൽവയുടെ പന്തിൽ ഏഞ്ചലോ മാത്യൂസ് പിടികൂടിയാണ് പുറത്താക്കിയത്. വൈകാതെ വിഹാരിയെ ജയവിക്രമ ബൗൾഡാക്കി. മുൻ നായകൻ വിരാടിനെ ജയവിക്രമ എൽ.ബിയിൽ കുരുക്കുകകൂടി ചെയ്തപ്പോൾ ഇന്ത്യ 139/4 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച റിഷഭ് പന്തും ശ്രേയസ് അയ്യരും ചേർന്ന് വീണ്ടും സ്കോർ ഉയർത്തി. 28 പന്തുകളിൽ നിന്നാണ് റിഷഭ് അർദ്ധസെഞ്ച്വറി തികച്ചത്. ഇതിന് പിന്നാലെ ജയവിക്രമയ്ക്ക് റിട്ടേൺ ക്യാച്ച് നൽകി റിഷഭ് മടങ്ങുകയും ചെയ്തു.പിന്നീട് ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറിയിലെത്തി.
രണ്ടാം ഇന്നിംഗ്സിൽ ലാഹിരു തിരിമന്നെയുടെ(0) വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.ക്യാപ്ടൻ ദിമുത്ത് കരുണരത്നെയും(10*) കുശാൽ മെൻഡിസുമാണ് (16*) ക്രീസിൽ
8
ജസ്പ്രീത് ബുംറ എട്ടാം തവണയാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റുകൾ സ്വന്തമാക്കുന്നത്. ഇതിൽ ഏഴുതവണയും വിദേശ പിച്ചുകളിലായിരുന്നു. ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഈ നേട്ടം സ്വന്തമാക്കുന്നത്.
28
പന്തുകളിൽ നിന്നാണ് റിഷഭ് പന്ത് അർദ്ധസെഞ്ച്വറി നേടിയത്. ടെസ്റ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിയാണിത്. 1982ൽ കറാച്ചിയിൽ പാകിസ്ഥാനെതിരെ 30 പന്തുകളിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്ന കപിൽ ദേവിന്റെ റെക്കാഡാണ് റിഷഭ് തകർത്തത്.