
ബീജിംഗ്: ഇടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ 3,400 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള പ്രതിദിന കേസുകളിലെ ഏറ്റവും വലിയ വർദ്ധനവാണിത്. പല നഗരങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. 90 ലക്ഷം ജനങ്ങൾക്ക് ജീവിക്കുന്ന ചാംഗ്ചുൻ നഗരത്തിൽ കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലും കൊവിഡ് കേസുകൾ കൂടുകയാണ്. ഇവിടങ്ങളിലെ 19 പ്രവിശ്യകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷെൻഹെന്നിലെ 9 ജില്ലകളിൽ നിയന്ത്രണമുണ്ട്. ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന ഏഴ് ലക്ഷത്തോളം പേർ ജീവിക്കുന്ന യാൻജി നഗരം പൂർണ ലോക്ക്ഡൗണിലാണ്. ഇവിടെ അവശ്യസേവനങ്ങളൊഴികെ മറ്റെല്ലാം നിറുത്തി.
കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ഷാങ്ഹായ് നഗരത്തിലെ സ്കൂളുകൾ അടച്ച് ക്ലാസുകൾ ഓൺലൈനിലേക്ക് മാറി. അതേസമയം, ചൈനയിൽ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് വ്യാപിക്കുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പുതിയ വകഭേദങ്ങൾ ഉടലെടുക്കുമോ എന്ന ആശങ്ക ഗവേഷകർക്കിടെയിലുണ്ട്. കൊവിഡിന്റെ നാലാം തരംഗമാണോയിതെന്നും ആശങ്കയുണ്ട്.
അതേ സമയം, രോഗ വ്യാപന തോത് ഉയർന്ന മേഖലകളിൽ ചൈന താത്കാലിക ആശുപത്രികൾ പുനഃസ്ഥാപിച്ചു തുടങ്ങി. അതേസമയം, 32,430 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ഹോങ്കോംഗിൽ നിലവിൽ കൊവിഡിന്റെ അഞ്ചാം തരംഗമാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.