
തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്തുതിപാഠകരെ വച്ച് കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും വ്യക്തി പൂജയും ബിംബവത്കരണവും ഒരു കാലത്തും ജയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദർശവും ആശയവ്യക്തതയുമുള്ള നേതാക്കളാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി പാർട്ടി പ്രവർത്തകരെ നിരാശയിലാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തണുത്ത് കൊണ്ടിരിക്കുകയാണെന്നും നിർഭയമായി സംസാരിക്കാൻ പാർട്ടി വേദികളിൽ അവസരമുണ്ടാക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
നേരത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരുന്നു. വ്യക്തികൾക്കെതിരായ ആക്രമണങ്ങൾ ശരിയല്ല. അത് കോൺഗ്രസിന്റെ രീതിയല്ല. നേതൃമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോർഡുകളാണ് സ്ഥാപിച്ചിരുന്നത്. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലുള്ള സംഘമാണ് ബോർഡുകൾ സ്ഥാപിച്ചത്.
കെ സി വേണുഗോപാലിനെതിരെ സി എം ഇബ്രാഹിമും ഇന്ന് രംഗത്തുവന്നിരുന്നു. കെ സി വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും അടുക്കള ഏജന്റുമാരാണ് കോൺഗ്രസിൽ ഭരിക്കുന്നതെന്നും ഇബ്രാഹിം ആരോപിച്ചു. അഴിമതിക്കാരായ നേതാക്കളോടാണ് ഹൈക്കമാന്റിന് താത്പര്യം. രാഹുൽ ഗാന്ധി പൂർണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളിൽ നിന്ന് കോൺഗ്രസ് അകന്നു. ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും ഇബ്രാഹിം പറഞ്ഞു.