
തിരുവനന്തപുരം: കോൺഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ മമതാ ബാനർജി നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് കോൺഗ്രസ് പശ്ചിമബംഗാൾ അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ മമതയുടെ വിമർശനത്തിന് മറുപടിയുമായി ശശി തരൂർ എംപിയും. ഇന്ത്യയിലെ വിവിധ പാർട്ടികൾക്കുളള എംഎൽഎമാരുടെ എണ്ണം സൂചിപ്പിക്കുന്ന ചിത്രം പങ്കുവച്ചാണ് തരൂർ മമതയുടെ വിമർശനത്തെ നേരിട്ടത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയ്‌ക്ക് വിവിധ സംസ്ഥാനങ്ങളിലായി 1443 എംഎൽഎമാരുണ്ട്. രണ്ടാം സ്ഥാനം കോൺഗ്രസിനാണ്. 753 എംഎൽഎമാരാണെന്നാണ് തരൂർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്‌റ്റിലുളളത്. മമതയുടെ തൃണമൂൽ കോൺഗ്രസിന് 236 എംഎൽഎമാരാണ് ഇന്ത്യയിലാകെയുളളത്. കോൺഗ്രസിനെ ആശ്രയിക്കാൻ കഴിയില്ലെന്നും അവർക്ക് വിശ്വാസ്യത നഷ്‌ടപ്പെടുകയാണെന്നുമാണ് മമത ആരോപിച്ചത്. വേണമെങ്കിൽ 2024ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ഒന്നിച്ച് പോരാടാമെന്നാണ് മമത പറഞ്ഞത്.
മമതയുടെ ആരോപണങ്ങളെ രാജ്യത്തെ ആകെ എംഎൽഎമാരുടെ എണ്ണം സൂചിപ്പിച്ചാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് കൂടിയായ അധീർ രഞ്ജൻ ചൗധരി നേരിട്ടത്. ഗോവയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപിയെ സഹായിച്ചത് മമതയാണെന്നും മമത ബിജെപിയുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രതിപക്ഷത്തിന്റെ 20 ശതമാനം വോട്ട്‌വിഹിതവും കോൺഗ്രസിനാണെന്നും മമത ബിജെപിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്നുമാണ് അധീർ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടത്.