
കീവ്: ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നതായി യുക്രെയിൻ സൈന്യത്തിൽ ചേർന്ന കോയമ്പത്തൂർ സ്വദേശി സായ് നികേഷ് ബന്ധുക്കളെ അറിയിച്ചു. നാട്ടിലേക്ക് തിരികെ വരണമെന്ന് സായ് ശനിയാഴ്ച ഫോണിൽ സംസാരിക്കവെ അച്ഛനോട് പറഞ്ഞെന്നാണ് വിവരം.
ഇന്ത്യയിലെത്തി സേനയുടെ ഭാഗമാകണമെന്ന ആഗ്രഹവും സായ് പങ്കുവച്ചെന്ന് അറിയുന്നു. ഇതോടെ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സായിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുക്രെയിനിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ ഇയാളുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. പിന്നീട് ബന്ധുക്കൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ യുവാവുമായി ബന്ധപ്പെട്ടെങ്കിലും യുക്രെയിൻ അർദ്ധസൈനിക സേനയിൽ ചേർന്നതായി കുടുംബത്തെ അറിയിച്ചു.
ഇക് കേന്ദ്രസർര്രാർ സ്ഥിരീകരിച്ചത് വലിയ വാർത്തയായിരുന്നു. യുക്രെയിൻ മാദ്ധ്യമമായ കീവ് ഇൻഡിപെൻഡന്റ്' യുവാവിന്റെ ചിത്രങ്ങളടക്കം പുറത്തു വിട്ടിരുന്നു. പിന്നീട് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രെയിൻ അർദ്ധസൈനിക വിഭാഗത്തിലാണ് സായ് നികേഷ് ചേർന്നതെന്ന് കണ്ടെത്തി.
കുട്ടിക്കാലം മുതൽ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന സായ് നികേഷിന് ഉയരം കുറവായതിനാൽ അതിന് സാധിച്ചിരുന്നില്ല.