scram-411

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ജനപ്രീതിയാർജിച്ച ബൈക്ക് ഏതെന്ന ചോദ്യത്തിന് കൂടുതൽ പേരും പറയുക ബുള്ളറ്റ് അഥവാ എൻഫീൽഡ് എന്നായിരിക്കും. എൻഫീൽഡ് വാഹനങ്ങളെക്കാളും മികച്ച നിരവധി ബൈക്കുകൾ ഇന്ത്യൻ നിരത്തിൽ ഇറങ്ങിയിട്ടും ഇപ്പോഴും ബുള്ലറ്റിന് ലഭിക്കുന്ന പ്രാധാന്യം ഇവയോടുള്ള ഇന്ത്യൻ ജനതയുടെ മാനസിക അടുപ്പം കൊണ്ട് കൂടിയാണ്. ഇതെല്ലാം കൊണ്ടാണ് ഇപ്പോഴും എൻഫീൽഡ് ശ്രേണിയിൽ നിന്ന് പുതിയൊരു വാഹനം എത്തുന്നു എന്നറിയുമ്പോൾ സമൂഹമാദ്ധ്യമങ്ങളിലും വിപണിയിലും ഒരു പ്രത്യേക ഉണർവുണ്ടാകുന്നത്.

എൻഫീൽഡിന്റെ പുതിയ സ്ക്രാമ്പ്ളർ മോഡൽ ബൈക്കായ സ്ക്രാം 411 ഈ ചൊവ്വാഴ്ച ലോഞ്ച് ചെയ്യുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന പുതിയ വിവരം. ബൈക്ക് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ലഭ്യമാണെങ്കിലും സ്ക്രാം 411നെ കുറിച്ചുള്ള കാര്യമായ വിവരങ്ങൾ ഇപ്പോളും എങ്ങും ലഭ്യമല്ല. എൻഫീൽഡ് സാധാരണ മറ്റ് വാഹനങ്ങളുടെ ലോഞ്ചിൽ പുലർത്താത്ത ഒരു ദുരൂഹതയും സസ്പെൻസും സ്ക്രാം 411ന്റെ ലോഞ്ചിന് മുന്നോടിയായി സൂക്ഷിക്കുന്നത് തന്നെ ബുള്ളറ്റ് ആരാധകർക്കിടയിൽ വലിയൊരു ആവേശം സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം എൻഫീൽഡിന്റെ ഒരു ഡീലർഷിപ്പിൽ നിന്ന് സ്ക്രാം 411ന്റെഒരു ബ്രോഷർ ലീക്കായിരുന്നു. പുത്തൻ വാഹനത്തിന്റെ സകല വിവരങ്ങളും അടങ്ങിയ ബ്രോഷർ ആണ് പുറത്തായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രതികരിച്ച എൻഫീൽഡ് മാനേജ്മെന്റും ഡീലർഷിപ്പും കൂടുതൽ ആളുകളിലേക്ക് ബൈക്കിന്റെ വിവരങ്ങൾ ചോർന്നുപോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്തു.

യെസ്ഡി സ്ക്രാമ്പ്ളറിന് കനത്ത വെല്ലുവിളിയുമായാണ് എൻഫീൽഡ് സ്ക്രാം 411 എത്തുന്നത്. വളരെ നാളുകൾക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന യെസ്ഡിക്ക് ഇന്ത്യൻ വിപണിയിൽ ഒന്ന് ചുവടുറപ്പിക്കുന്നതിന് മുമ്പ് തന്നെ എൻഫീൽഡിന്റെ പക്കൽ നിന്ന് ശക്തമായ ഒരു എതിരാളി എത്തുന്നത് കനത്ത അടിയാണ്.