kk

ടോക്കിയോ∙ പെൺകുട്ടികൾ സ്കൂളുകളിൽ മുടി പോണിടെയിൽ ശൈലിയിൽ കെട്ടുന്നതിന് ജപ്പാൻ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. പെൺകുട്ടികൾ പോണിടെയിൽ കെട്ടുമ്പോൾ അവരുടെ കഴുത്തിന്റെ പിൻഭാഗം കാണുമെന്നും ഇത് ആൺകുട്ടികളിൽ ലൈംഗിക ഉത്തേജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനമേർപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചില സ്കൂളുകൾ പരിഷ്കാരം നടപ്പിലാക്കുന്നത് നിറുത്തി വച്ചതായും പറയുന്നു.

നേരത്തെ ,​ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാർത്ഥികൾ ധരിക്കാൻ പാടുള്ളുവെന്ന് നിർദ്ദേശിച്ചിരുന്നു. വിമർശനങ്ങൾക്ക് വഴിവച്ചതിനെ തുടർന്ന് ഈ നിർദ്ദേശം അടുത്തിടെ പിൻവലിച്ചിരുന്നു. ഇത്തരം വിചിത്ര നിയമങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് ജപ്പാനിൽ പതിവാണെന്നും ഇവ അംഗീകരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുകയാണെന്നും അദ്ധ്യാപകരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കായിക പരിശീലനം, നീന്തൽ പരിശീലനം എന്നിവയ്ക്കായി വസ്ത്രം മാറുമ്പോൾ സ്‌കൂളുകളിൽ പ്രത്യേകമായി നിയോഗിച്ച ജീവനക്കാർ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം പരിശോധിക്കുന്ന പതിവ് പല സ്‌കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.