fff

കീവിൽ : അധിനിവേശത്തിന്റെ 18ാം ദിനമായ ഇന്നലെ പടിഞ്ഞാറൻ യുക്രെയിനിന്റെ ആകാശം റഷ്യൻ വ്യോമാക്രമണത്തിൽ ചുവന്നു. ലിവീവിൽ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടെന്നും 134 പേർക്ക് പരിക്കേറ്റതായും യുക്രെയിൻ അറിയിച്ചു. പടിഞ്ഞാറൻ യുക്രെയിനിലെ പോളണ്ട് അതിർത്തിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായ യാവോറിവ് സൈനികത്താവളം. ഇവിടേക്ക് 30ഓളം റഷ്യൻ ക്രൂസ് മിസൈലുകൾ പതിച്ചെന്നും മരിച്ചവരിൽ സാധാരണക്കാരുണ്ടെന്നുമാണ് റിപ്പോർട്ട്.

പോളണ്ട് അടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ സമീപത്തേക്ക് റഷ്യ സൈനികനീക്കം നടത്തുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. നാറ്റോയിലെ പല അംഗരാജ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പോളണ്ടിനോട് ചേർന്നുള്ള പ്രദേശത്ത് റഷ്യ വൻ ആക്രമണങ്ങൾ നടത്തിയത്. യുക്രെയിനിലെ ഏറ്റവും വലിയ സൈനിക പരിശീല കേന്ദ്രങ്ങളിൽ ഒന്നായ ഇവിടം പോളണ്ട് അതിർത്തിക്ക് 25 കിലോമീറ്റർ സമീപത്താണ്.

കീവ് നഗരത്തെ കീഴക്കാൻ നടത്തിയ നീക്കങ്ങൾക്കിടെ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ശ്രമിച്ച ഒരു സംഘം സ്ത്രീകൾക്ക് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തെന്നും ഇതിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചെന്നും യുക്രെയിൻ ആരോപിച്ചു. എന്നാൽ, ഇവർ മാനുഷിക ഇടനാഴിയിലൂടെയല്ല പുറത്ത് കടക്കാൻ ശ്രമിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പിന്നീട് അറിയിച്ചു.

തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുക്കാനുള്ള ശ്രമം ഇന്നലെയും റഷ്യ ശക്തമായി തുടർന്നു.

ആക്രമണം തുടങ്ങിയനാൾ മുതൽ 2,187 സിവിലിയൻമാർ മരിയുപോളിൽ കൊല്ലപ്പെട്ടെന്ന് മേയർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ കുറഞ്ഞത് 22 ബോംബാക്രമണങ്ങൾ മരിയുപോളിലുണ്ടായി. ഇവിടെ കടുത്ത ജലക്ഷാമമാണെന്ന് റെഡ് ക്രോസ് അറിയിച്ചു.

ദക്ഷിണ യുക്രെയിൻ നഗരമായ മൈകോലൈവിലും വ്യോമാക്രമണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റീജിയണൽ ഗവർണർ വിറ്റാലി കിം അറിയിച്ചു.

രാസായുധം പ്രയോഗിച്ചേക്കാം

യുക്രെയിന് നേരെ റഷ്യ രാസായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽറ്റൻബർഗ് പറഞ്ഞു. ഒരു ജർമ്മൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയിനിലെ സംഘർഷത്തിനെതിരെ റഷ്യയിലുടനീളം നടന്ന വ്യാപക പ്രതിഷേധങ്ങൾക്കിടെ 250 ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുക്രെയിനിൽ നിന്ന് പാലായനം ചെയ്തവരുടെ എണ്ണം 27 ലക്ഷത്തോട് അടുത്തെന്ന് യു.എൻ അറിയിച്ചു. 2,698,280 പേരാണ് ഇതുവരെ യുക്രെയിനിൽ നിന്ന് രക്ഷപ്പെട്ടത്. അതേ സമയം, യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ മറികടക്കാൻ അവരെ സഹായിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.

ഇതിനിടെ, വടക്കൻ ഇറ്റലിയിലെ എമിലിയ - റൊമാന്യയിൽ 50 യുക്രെയിനിയൻ അഭയാർത്ഥികളുമായെത്തിയ ബസ് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു.