കാട്ടാക്കട: കാട്ടാക്കടയിൽ വാഹന മോഷ്ടാക്കളും തട്ടിപ്പുകാരും വിലസുന്നു. പരാതികളെല്ലാം വാങ്ങി വച്ചു ഉപദേശം നൽകി മടക്കി അയക്കും കാട്ടാക്കട പൊലീസ് എന്നാണ് ആക്ഷേപം. ക്രമസമാധാന പരിപാലനം ശക്തമായത് കൊണ്ട് മോഷണമോ പിടിച്ചു പറിയോ ഇല്ലാത്ത സ്റ്റേഷൻ എന്ന് വകുപ്പിൽ പറയിക്കാൻ വേണ്ടിയാണ് ഈ നിരുത്സാഹപ്പെടുത്തൽ എന്നാണ് ചിലർ പറയുന്നത്.

കഴിഞ്ഞ ദിവസം കാട്ടാക്കട കൊറ്റം കുഴിയിൽ അഗസ്ത്യന്റെ ഉടമസ്ഥതയിലുള്ള റബർ ഷീറ്റ്‌ കടയിൽ നിന്ന് 55 കിലോ ഒട്ടുകറ മോഷണമാണ് ഒടുവിലത്തെ സംഭവം.വീടിനോടു ചേർന്നിരിക്കുന്ന റബർ ഷീറ്റ് കടയിൽ നിന്ന് ഒട്ടുകറയെല്ലാം മോഷണം പോയി. മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങളുണ്ട്.

ആഴ്ചകൾക്ക് മുൻപ് കാഞ്ചിയൂർകോണത് ഒരു വീടിന് മുന്നിൽ നിറുത്തിയിരുന്ന ബൈക്ക് കള്ളൻ മോഷ്ടിച്ചു കടന്നു. ഇതിന്റെ ദൃശ്യം സഹിതം കാട്ടി പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനും ആഴ്ചകൾക്ക് മുൻപ് തൂങ്ങാംപാറയിൽ നിന്ന് ഒരു ഇരുചക്ര വാഹനവും മോഷണം പോയി. ഇതിനും ദിവസങ്ങൾക്ക് മുൻപാണ് ചായ്ക്കുളത്തുള്ള ഒരു വീട്ടിൽ നിന്ന് ഇരുചക്ര വാഹനം കാണാതായത്. സംശയമുള്ള ചിലരുടെ ഫോട്ടോ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. അലർട്ട് കൊടുത്താൽ പിന്നെ ഇനി കള്ളൻ വന്നു നിന്നു തരട്ടെ എന്ന ലാഘവത്തോടെ അതിന്റെ വഴിക്ക് വിടുകയാണ് ഇപ്പോഴത്തെ പൊലീസ് രീതിയെന്ന് പരാതിക്കാർ പറയുന്നു.