
തിരുവനന്തപുരം: കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭവന നിർമ്മാണ വകുപ്പ് ദേശീയ ഭവനോദ്യാനം ആരംഭിക്കുന്നു. ഭവന നിർമ്മാണ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് തിരുവനന്തപുരത്ത് ഭവനോദ്യാനം ഒരുക്കുക.
2022-23 വർഷത്തെ പദ്ധതി വിഹിതത്തിൽ ഇതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. കേന്ദ്ര സഹായത്തിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന പുതിയ നിർമ്മാണ സാങ്കേതിതവിദ്യകളുടെ കേന്ദ്രം എന്ന നിലയിലാണ് ഭവനോദ്യാനത്തിന്റെ വിഭാവനം. സാർവദേശീയ തലത്തിലെ നിർമ്മാണ രീതികളുടെ മാതൃകകൾ ഇവിടെ പ്രദർശനത്തിനുണ്ടാകും. കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ലൈറ്റ് ഹൗസ് പദ്ധതിയും ഇതിൽ ഉൾപ്പെടുത്തും.
ലാബിഷാസിനു (ലാറി ബേക്കർ ഇന്റർനാഷണൽ സ്കൂൾ ഒഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്) കീഴിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ഫിനിഷിംഗ് സ്കൂൾ, സ്കൂൾ ഒഫ് ഡിസൈൻ, സ്കൂൾ പ്രൊജക്ട് മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസി എന്നിവ ആരംഭിക്കും. നിർമ്മാണ മേഖലയ്ക്കു മാത്രമായുള്ള സ്റ്റാർട്ടപ്പ് സെന്ററുകൾ, സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങിയവയും ഭവനോദ്യാനത്തിൽ ഒരുക്കും. ലാബിഷാസിനായി അനുവദിച്ചിരുന്നതും, നിലവിൽ സർക്കാർ ഏറ്റെടുത്തിട്ടുള്ളതുമായ തിരുവല്ലം വില്ലേജിലെ 6.90 എക്കർ സ്ഥലമാണ് ഭവനോദ്യാനത്തിനായി ആലോചനയിൽ ഉള്ളത്.