youtube

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ വാണിജ്യസ്ഥാപനങ്ങളെല്ലാം നഷ്ടത്തിലായപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങായത് യൂട്യൂബ് വ്ളോഗർമാർ. 2020 സാമ്പത്തിക വർഷത്തിൽ യൂട്യൂബ് വീഡിയോകൾ വഴി ഇക്കൂട്ടർ സമ്പാദിച്ചത് 6800 കോടി രൂപയെന്ന് കണക്കുകൾ കാണിക്കുന്നു. ഓക്സ്ഫോഡ് എക്കണോമിക്സ് നടത്തിയ സ്വതന്ത്ര പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. യൂട്യൂബ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ മാത്രം ഒരു ലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബേഴ്സ് ഉള്ള നാൽപതിനായിരത്തിന് മേൽ യൂട്യൂബ് ചാനലുകൾ ഉണ്ടെന്നാണ് കണക്ക്. പോയ വർഷത്തെക്കാളും 45 ശതമാനത്തിന്റെ വർദ്ധനവാണ് ചാനലുകളുടെയും സബ്സ്ക്രൈബേഴ്സിന്റെയും എണ്ണത്തിൽ ഇന്ത്യയിലെ യൂട്യൂബ് ചാനലുകൾ കൈവരിച്ചിരിക്കുന്നത്.

അതേസമയം യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമല്ല വ്ളോഗർമാരുടെ വരുമാനമാർഗമെന്നും പഠന റിപ്പോർട്ടിൽ കണ്ടെത്തുന്നു. യൂട്യൂബ് വരുമാനത്തോളമോ അതിൽ കൂടുതലോ വരുമാനം ഇവർക്ക് പെയ്ഡ് പാർട്നർഷിപ്പ് മുഖാന്തരം ലഭിക്കുന്നുണ്ടെന്നാണ് യൂട്യൂബിന്റെ കണക്കുകൂട്ടൽ. ഇന്ത്യയിലെ യൂട്യൂബ് ക്രിയേറ്റേഴ്സ് തന്നെയാണ് ഇക്കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നത്. സ്വന്തം വീഡിയോകളിലൂടെ ഇവർ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടാക്കുകയും അത്തരത്തിൽ മറ്റ് ഉത്പന്നങ്ങൾ തങ്ങളുടെ ചാനലുകൾ വഴി പരസ്യം ചെയ്യുകയും ചെയ്യുന്നതായി യൂട്യൂബ് പറയുന്നു.