
കീവ് :  യുക്രെയിൻ യുദ്ധം ചിത്രീകരിക്കാൻ എത്തിയ അമേരിക്കൻ ചലച്ചിത്രകാരനും മാദ്ധ്യമപ്രവർത്തകനുമായ ബ്രെന്റ് റെനോഡ് ( 51 ) റഷ്യൻ സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടു. കീവിലെ ഇർപിൻ നഗരത്തിൽ വച്ചാണ് റെനോഡിന് വെടിയേറ്റത്.  ന്യൂയോർക്ക് സ്വദേശിയായ റെനോഡ് വീഡിയോ ഡോക്യുമെന്ററി സംവിധായകനുമായിരുന്നു. കഴുത്തിന് വെടിയേറ്റ ബ്രെന്റ് തത്ക്ഷണം മരിക്കുകയായിരുന്നു. യുക്രെയിൻ സംഘർഷം ഫ്രീലാൻസായി ചിത്രീകരിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.
അമേരിക്കൻ ഫോട്ടോഗ്രാഫർ ജുവാൻ അരെൻഡോണ്ടോയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിവയ്പുണ്ടായെന്നാണ് റിപ്പോർട്ട്. കാറിലുണ്ടായിരുന്ന ഒരു യുക്രെയിൻ പൗരനും വെടിയേറ്റു. റഷ്യൻ സേന ഇർപിനിൽ കനത്ത ഷെല്ലാക്രമണം നടത്തുന്നുണ്ട്. വസ്ത്രങ്ങളിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നാണ് ബ്രെന്റിനെ തിരിച്ചറിഞ്ഞത്. അമേരിക്കൻ മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ ഒരു തിരിച്ചറിയൽ രേഖയും കണ്ടെടുത്തു. ബ്രെന്റ് നിലവിൽ തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നില്ല എന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി. പ്രഗത്ഭ ഫോട്ടോഗ്രാഫറും സംവിധായകനുമായ ബ്രെന്റ് വർഷങ്ങൾക്ക് മുന്നേ ന്യൂയോർക്ക് ടൈംസിന് വേണ്ടി പ്രവർത്തിച്ചിരുന്നതായി ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റർ ക്ലിഫ് ലീവൈ പറഞ്ഞു.
ബ്രെന്റ് തന്റെ സഹോദരൻ ക്രെയ്ഗുമായി ചേർന്ന് ' ദ റെനോഡ് ബ്രദേഴ്സ് " എന്ന കമ്പനി സ്ഥാപിക്കുകയും ഇറാൻ, അഫ്ഗാൻ, ഈജിപ്റ്റ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ ഡോക്യുമെന്ററികൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരണ മികവിന് ബ്രെന്റിന് അമേരിക്കയിലെ പീബഡി പുരസ്കാരം ലഭിച്ചിട്ടുണ്ട്.