11
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം

തൃക്കാക്കര: മൂന്നു സുഹൃത്തുക്കൾ സഞ്ചരിച്ച കാർ കാക്കനാട് ഇൻഫോപാർക്ക് പ്രദേശത്ത് നിയന്ത്രണം വിട്ട് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തകർത്തു. ഇൻഫോപാർക്കിലെ കാർണിവൽ ഗ്രൂപ്പ് ബിൽഡിംഗിന്റെ ഗേറ്റിനു സമീപത്തെ മതിലിൽ ഇടിച്ചു നിന്ന കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന യുവാവിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. പുത്തൻകുരിശ് വലിയപറമ്പിൽ വീട്ടിൽ ശ്രീലേഷ് രവി (23)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാർ ഓടിച്ചിരുന്ന കാണിനാട് തെക്കിനേത്ത് വീട്ടിൽ വിവേക്, ഒപ്പമുണ്ടായിരുന്ന പുത്തൻകുരിശ് പ്രശാന്തി വീട്ടിൽ ശ്രീക്കുട്ടൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കരിമുകൾ ഭാഗത്തിനിന്ന് അമിത വേഗത്തിൽ കാക്കനാട് ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സൈൻ ബോർഡ് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഈ സമയം ഇൻഫോപാർക്ക് കാമ്പസിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങിയ ഇൻഫോപാർക്ക് സ്റ്റേഷനിലെ പൊലീസുകാരായ സെൽവരാജ്, ശ്രീക്കുട്ടൻ എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാർ ഇ‌ടിച്ച് മതിലിലെ ഇഷ്ടിക തെറിച്ചു വീണ് സെൽവരാജന്റെ കാലിന് പരിക്കേറ്റു. സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപ്രതിയിൽ എത്തിച്ചത്.