naomi-osaka

കാലിഫോർണിയ: ഇന്ത്യൻ വെൽസ് ടെന്നിസ് മത്സരത്തിനിടെ കാണികളിലൊരാൾ അധിക്ഷേപിച്ചതിനെ തുടർന്ന് കരഞ്ഞ് കൊണ്ട് കോർട്ട് വിട്ട് ജാപ്പനീസ് താരം നവോമി ഒസാക്ക. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് സംഭവം. വെറോണിക്ക കുദെർമെറ്റോവയുമായുള്ള രണ്ടാം റൗണ്ട് മത്സരത്തിന്റെ ആദ്യ സെറ്റിൽ സർവ് ചെയ്യാനൊരുങ്ങുന്നതിനിടെയായിരുന്നു കാണികളിൽ നിന്ന് ഒരു വ്യക്തി ഒസാക്കയെ അധിക്ഷേപിക്കുന്ന വാക്കുകൾ ഗാലറിയിൽ നിന്ന് വിളിച്ചു പറഞ്ഞത്.

ആ വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് ഒസാക്ക ചെയർ അമ്പയറോട് ആവശ്യപ്പെട്ടെങ്കിലും ആളെ കണ്ടെത്താൻ പോലും സംഘാടകർക്കോ അധികൃതർക്കോ സാധിച്ചില്ല.തുടർന്ന് മാനസികമായി തകർന്ന ഒസാക്ക ആദ്യ സെറ്റ് 6-0നും രണ്ടാം സെറ്റ് 6-4നും അടിയറവ് പറയുകയായിരുന്നു.

താൻ ഇതിനു മുമ്പും നിരവധി തവണ ഇത്തരം വിദ്വേഷവാക്കുകൾ ടെന്നിസ് കോർട്ടുകളിൽ കേട്ടിട്ടുണ്ടെങ്കിലും ഇത്തവണ അത് കുറച്ച് വേദനാജനകമായി തോന്നിയെന്ന് നവോമി മത്സരശേഷം പറഞ്ഞു. ഇന്നത്ത സംഭവം പണ്ട് സെറീന വില്ല്യംസ് - വീനസ് വില്ല്യംസ് സഹോദരിമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവം തന്നെ ഓർമിപ്പിച്ചെന്നും അതിനു ശേഷം മത്സരത്തിൽ വേണ്ടവിധം ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും നവോമി പറഞ്ഞു.

താൻ കരയാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നല്ലെന്ന് പറഞ്ഞ നവോമി തന്റെ എതിരാളി വെറോണിക്കയെ അഭിനന്ദിക്കുകയും തന്റെ മത്സരം കാണാനെത്തിയ കാണികൾക്ക് നന്ദി പറയുകയും ചെയ്തു.