sonia-gandhi

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ഉൾപ്പെടെ ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ,​ പിഴവ് സമ്മതിച്ച് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്‌ടൻ അമരീന്ദര്‍ സിംഗിനെ മാറ്റിയത് തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് സോണിയ യോഗത്തിൽ വ്യക്തമാക്കി.

അതേസമയം സംഘടന തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടരാനാണ് യോഗത്തിലെ തീരുമാനം. നിലവിലെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മണിക്കൂറോളമാണ് യോഗം നടന്നത്നി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ നേതൃസ്ഥാനം മാറേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു.

തന്ത്രങ്ങള്‍ പിഴച്ചത് കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി നടപടി സ്വീകരിക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.