
മുംബയ്: ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചപ്പോൾ തന്നെ കുറ്റപ്പെടുത്താനും വിമർശിക്കാനും നിരവധിപേർ രംഗത്തെത്തിയിരുന്നെന്ന് അഭിനേത്രി സായി തംഹാൻകർ. 'നോ എൻട്രി പുധേ ദോക്ക ആഹെയ്' എന്ന മറാത്തി ചിത്രത്തിലാണ് സായി ബിക്കിനി അണിഞ്ഞ് എത്തിയത്. എന്നാൽ മറാത്തി സിനിമാ രംഗത്തുള്ളവർ തന്റെ ആ വേഷത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും തനിക്കോ തന്റെ കുടുബത്തിനോ ഇല്ലാത്ത പ്രശ്നം എന്തിനാണ് മറ്റുള്ളവർക്ക് എന്നും താരം ചോദിച്ചു.
2008ൽ പുറത്തിറങ്ങിയ അനിൽ കപൂർ ചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ അഭിനയരംഗത്ത് എത്തിയ സായി അതേവർഷം പുറത്തിറങ്ങിയ അമീർ ഖാൻ ചിത്രമായ ഗജിനിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2015ലെ ഹിന്ദി ചിത്രമായ ഹണ്ടറിലെ ജ്യോത്സ്ന എന്ന് കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു.
ചെറുപ്പത്തിൽ തനിക്ക് അമീർ ഖാനെ വളരെ ഇഷ്ടമായിരുന്നെന്നും അതിനാൽ തന്നെ ഗജിനിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ സമ്മതം അറിയിക്കുകയായിരുന്നെന്നും സായി പറഞ്ഞു. ഇപ്പോഴും അമീർ ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സായി പറയുന്നു.