
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 4ന്റെ തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മാർച്ച് 27 മുതൽ ബിഗ് ബോസ് സംപ്രേഷണത്തിന് തുടക്കമാകുമെന്ന് ഏറ്റവും പുതിയ പ്രൊമോയിലൂടെ അവതാരകൻ കൂടിയായ മോഹൻലാൽ അറിയിച്ചു. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും പ്രൊമോയിൽ മോഹൻലാൽ പറയുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്.
പുതിയ സീസൺ മാർച്ചിൽ തുടങ്ങാൻ അധികൃതർ തീരുമാനിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. പിന്നാലെ സുരേഷ് ഗോപി ആകും അവതാരകനായി എത്തുകയെന്ന തരത്തിലും വാർത്തകൾ വന്നു. എന്നാൽ മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോ നടത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിക്കുക ആയിരുന്നു. ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുന്നത് എന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.