weapon

മോസ്കോ : കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പാണ് യുക്രെയിനിൽ അമേരിക്കയുടെ പിന്തുണയോടെ ജൈവായുധ നിർമ്മാണം നടന്നെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയത്. യു.എന്നിൽ യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും ഈ ആരോപണങ്ങൾ തള്ളിയിരുന്നു. എന്നാൽ, ഇത്തരം നുണ പ്രചാരണങ്ങളിലൂടെ യുക്രെയിനിൽ ഒരു രാസായുധ ഓപ്പറേഷൻ നടത്താൻ റഷ്യയ്ക്ക് കഴിഞ്ഞേക്കുമെന്ന് നാറ്റോ സെക്രട്ടറി ജെൻസ് സ്റ്റോൽറ്റൻബർഗ് ഇന്നലെ പ്രതികരിച്ചിരുന്നു. യുക്രെയിനിൽ റഷ്യ രാസ,​ ജൈവ ആയുധങ്ങൾ പ്രയോഗിച്ചേക്കാം എന്ന് യു.എസും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് നേരെ വധശ്രമ മുന്നറിയിപ്പുകളുമുണ്ട്.

എന്തുകൊണ്ടാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം ഉണ്ടായേക്കാമെന്ന് ലോകരാജ്യങ്ങൾ ഭയപ്പെടുന്നത്. ? റഷ്യയുടെ ചരിത്രം പരിശോധിച്ചാൽ അക്കാര്യം വളരെ വ്യക്തമാണ്. രാസായുധങ്ങളുടെയും വിഷ പദാർത്ഥങ്ങളുടെയും ഉപയോഗത്തിന്റെ പേരിൽ റഷ്യയ്ക്ക് മേൽ മുമ്പ് യു.എസും യു.കെയും ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുട്ടിന്റെ എതിരാളിയും പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയ്ക്ക് നേരെ നടന്ന വധശ്രമവും ഇതിന് ഉദാഹരണമാണ്. റഷ്യ ഇതിന് മുന്നേ ആയുധമാക്കിയെന്ന് കരുതുന്ന വിഷ പദാർത്ഥങ്ങളിൽ ഏറെ ശ്രദ്ധനേടിയ രണ്ട് പദാർത്ഥങ്ങളാണ് പൊളോണിയം - 210ഉം നോവിചോകും. നോവിചോക് രാസായുധവും പൊളോണിയം - 210 റേഡിയോ ആക്ടീവ് പദാർത്ഥവുമാണ് ( റേഡിയോളജിക്കൽ ആയുധം ).

------------------------------------------

 പൊളോണിയം - 210

മുൻ റഷ്യൻ ചാരനായിരുന്ന അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ മരണത്തിന് കാരണമായ പദാർത്ഥമാണ് പൊളോണിയം - 210. വളരെ അപൂർവവും അപകടകാരിയുമാണ് റേഡീയോ ആക്ടീവ് ഐസോടോപ്പായ പൊളോണിയം - 210. 19ാം നൂറ്റാണ്ടിന്റെ അവസാനം മേരി ക്യൂറിയാണ് പൊളോണിയം 210 കണ്ടെത്തിയത്. പൊളോണിയം 210 ശരീരത്തിലെത്തിയാൽ ( ശ്വസനത്തിലൂടെയോ ആഹാരത്തിലൂടെയോ ത്വക്കിലൂടെയോ ) പ്രതിരോധശേഷി തകർന്ന് ജീവൻ അപകടത്തിലാകും. ഹൈഡ്രജൻ സയനേഡിനേക്കാൾ 250 ദശലക്ഷം മടങ്ങ് അപകടകാരിയാണ് പൊളോണിയം 210. പൊളോണിയം മൂലകത്തിന്റെ അറിയപ്പെടുന്ന 25 ഐസോടോപ്പുകളിൽ ഒന്നാണ് പൊളോണിയം 210. ഏകദേശം ഒരു ഗ്രാം പൊളോണിയം 210ന് 50 ദശലക്ഷം പേരെ കൊല്ലാൻ കഴിയുമെന്നാണ് കണക്ക്.!

 വരവ്

സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയിലെ ഉദ്യോഗസ്ഥനായിരുന്നു അലക്സാണ്ടർ ലിറ്റ്വിനെങ്കോ. 1990കളിൽ കെ.ജി.ബി ഇന്നത്തെ എഫ്.എസ്.ബി ആയി മാറിയതോടെ അലക്സാണ്ടർ ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയർന്നു. പുട്ടിനായിരുന്നു അന്ന് എഫ്.എസ്.ബി തലവൻ. എന്നാൽ 1998ൽ അലക്സാണ്ടർ അറസ്റ്റ് ചെയ്യപ്പെട്ടു. റഷ്യൻ വ്യവസായിയായ ബോറിസ് ബെറെസോവ്‌സ്കിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത് ( ബോറിസിനെ പിന്നീട് 2013ൽ ഇംഗ്ലണ്ടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു).

ഒമ്പത് മാസം ജയിലിൽ കിടന്ന അലക്സാണ്ടറെ നിരപരാധിയെന്ന് കാട്ടി കോടതി വെറുതെ വിട്ടു. ജോലി ഉപേക്ഷിച്ച അലക്സാണ്ടർ ഒരു പുസ്തകം എഴുതുകയും അത് റഷ്യയിൽ വൻ വിവാദം സൃഷ്ടിക്കുകയും ചെയ്തു. 1999ൽ മോസ്കോയിലും മറ്റ് രണ്ട് നഗരങ്ങളിലും നടന്ന ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദി പുട്ടിനും കെ.എസ്.ബിയുമായിരുന്നു എന്നായിരുന്നു അത്. ചെച്നിയൻ വിഘടനവാദികൾക്ക് നേരെ ആക്രമണം നടത്താൻ സൃഷ്ടിച്ചതാണതെന്ന് പുസ്തകത്തിൽ പറയുന്നു.

പുട്ടിനെ പറ്റിയുള്ള പല നിർണായക വിവരങ്ങളും അലക്സാണ്ടറിന് അറിയാമായിരുന്നു എന്ന് കരുതുന്നു. 2000ത്തിൽ അലക്സാണ്ടർ യു.കെയിലേക്ക് കുടിയേറി. യു.കെയിലെത്തിയ അലക്സാണ്ടർ പുട്ടിനെതിരെ ലേഖനങ്ങളിലൂടെ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2006ൽ അലക്സാണ്ടറിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു.

 നിശബ്ദ കൊലയാളി

2006 നവംബർ 1, മദ്ധ്യ ലണ്ടനിലെ ഹോട്ടൽ മില്ലേനിയത്തിൽ നിന്ന് അലക്സാണ്ടർ ലിറ്റ്വിനെങ്കോ, ആൻഡ്രെ ലുഗോവോയ്, ഡിമിട്രി കോവ്‌ടൺ എന്നീ മുൻ റഷ്യൻ ചാരന്മാരെ കണ്ടുമുട്ടി. അവർക്കൊപ്പം ഒരു കപ്പ് ചായ കുടിച്ചു. അധികം വൈകാതെ അലക്സാണ്ടറിന് ചില അസ്വസ്തതകൾ അനുഭവപ്പെട്ടു. കടുത്ത ഛർദ്ദി അനുഭവപ്പെട്ട അലക്സാണ്ടറിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷം വടക്കൻ ലണ്ടനിലെ ബാർനെറ്റ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് ആർക്കും മനസിലായില്ല. എന്തോ വിഷബാധയാണെന്ന് കണ്ടെത്തി. എന്നാൽ അതെന്തായിരുന്നു. ? ആണവ വികിരണം ഏറ്റത് പോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ അലക്സാണ്ടറുടെ രൂപം ആകെ മാറി. തലമുടി കൊഴിഞ്ഞു. ശരീരം മെലിഞ്ഞു. നവംബർ 23ന് 43ാം വയസിൽ അലക്സാണ്ടർ മരണത്തിന് കീഴടങ്ങി.

 വഷളായ ബ്രിട്ടൻ - റഷ്യ ബന്ധം

ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന് കീഴിലുള്ള ന്യൂക്ലിയർ റിസേർച്ച് സെന്ററിൽ അലക്സാണ്ടറുടെ രക്തം പരിശോധിച്ചതോടെ റേഡിയോ ആക്ടീവ് പദാർത്ഥമായ പൊളോണിയം - 210 ആണ് മരണകാരണമെന്ന് കണ്ടെത്തി. അദ്ദേഹം കുടിച്ച ചായയിലൂടെയാകാം പൊളോണിയം ഉള്ളിലെത്തിയത്. അതെങ്ങനെയെന്ന് കണ്ടെത്താൽ അന്വേഷണം തുടങ്ങി. അലക്സാണ്ടറെ കണ്ട റഷ്യൻ ചാരന്മാർ ആയിരുന്ന ആൻഡ്രെ ലുഗോവോയ്, ഡിമിട്രി കോവ്‌ടൺ എന്നിവരിലേക്ക് അന്വേഷണം നീണ്ടു. ഇവർ പോയ സ്ഥലങ്ങളിലെല്ലാം പൊളോണിയം സാന്നിദ്ധ്യം കണ്ടെത്തി. മില്ലേനിയം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലും ഇവരിൽ അസ്വഭാവികതകൾ കണ്ടെത്തി.

2007 മേയിൽ ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്താൻ ബ്രിട്ടീഷ് കോടതി നിർദ്ദേശിച്ചെങ്കിലും ഇവരെ ബ്രിട്ടന് കൈമാറാനാകില്ലെന്ന് മോസ്കോ പ്രോസിക്യൂട്ടർ ജനറൽ ഉത്തരവിട്ടു. ഇതോടെ ബ്രിട്ടീഷ് - റഷ്യൻ നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായി. ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികളിൽ നിന്ന് പരസ്പരം നാല് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും നാല് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി. ബ്രിട്ടൻ ഒരു പൊതു അന്വേഷണം നടത്തുകയും അലക്സാണ്ടറുടെ കൊലപാതകം പുട്ടിന്റെ അറിവോടെ ആകാനിടെയുണ്ടെന്ന നിഗമനത്തിലെത്തുകയും ചെയ്തു. എന്നാൽ, കുറ്റവാളികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.

 പിന്നിൽ പുട്ടിൻ ?

പൊളോണിയം ഉപയോഗിക്കുന്ന രാജ്യമായ റഷ്യയിൽ അതിന്റെ ഉപയോഗം പുട്ടിന്റെ അനുമതിയോടെ സർക്കാരിന് മാത്രം അനുവദിച്ചിട്ടുള്ളതാണ്. ഇക്കാരണത്താൽ അലക്സാണ്ടറുടെ മരണത്തിന് പിന്നിൽ റഷ്യയാണെന്ന അഭ്യൂഹം ശക്തമാണ്. അലക്സാണ്ടറുടെ മരണത്തിന് റഷ്യ ഉത്തരവാദിയാണെന്നും 100,000 യൂറോ നഷ്ടപരിഹാരം നൽകണമെന്നും കഴിഞ്ഞ വർഷം യൂറോപ്യൻ മനുഷ്യാവകാശ കോടതി ഉത്തരവിട്ടിരുന്നു.

റഷ്യൻ മാദ്ധ്യമ പ്രവർത്തകയായിരുന്ന പുട്ടിൻ വിമർശക അന്ന പൊലിറ്റ്കോവ്സ്കായ വെടിയേറ്റ് കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം അലക്സാണ്ടർ നടത്തിയിരുന്നു. റഷ്യൻ മാഫിയകൾക്കുണ്ടായിരുന്ന സ്പാനിഷ് ബന്ധത്തെ പറ്റി അലക്സാണ്ടർ അന്വേഷിച്ചിരുന്നെന്നും സ്പെയിനിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും പറയുന്നു. തനിക്ക് സംഭവിച്ചതിനെല്ലാം ഉത്തരവാദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണെന്ന് അലക്സാണ്ടർ മരിക്കുന്നതിന് വെളിപ്പെടുത്തിയിരുന്നു.

-------------------------------------------

 നോവിചോക്

റഷ്യൻ ഭാഷയിൽ ' നോവിചോക് ' എന്നാൽ ' നവാഗതൻ ' എന്നാണ് അർത്ഥം. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നെർവ് ഏജന്റുകളാണിവ. നെർവ് ഏജന്റുകളുടെ കൂട്ടത്തിൽ അതീവ അപകടകാരിയാണ് നോവിചോക്. നൂറിലധികം തരത്തിലുള്ള നോവിചോക് ഏജന്റുകൾ ഉണ്ടെന്നാണ് കരുതുന്നത്. മനുഷ്യ ശരീരത്തിലെ നാഡിവ്യവസ്ഥയുടെ പ്രവർത്തനത്തെ ഇവ തകർക്കുന്നു. ശ്വസനത്തിലൂടെയോ ത്വക്കിലൂടെയോ ഇവ മനുഷ്യന്റെ ഉള്ളിൽ കടന്ന് കഴിഞ്ഞാൽ ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം ഉറപ്പ്.

ഖര രൂപത്തിലും ദ്രാവക രൂപത്തിലും നോവിചോക് ഏജന്റുകൾ കാണപ്പെടുന്നു. മനുഷ്യ ശരീരത്തിനുള്ളിലെത്തി 30 സെക്കന്റ് മുതൽ 2 മിനിറ്റുകൾക്കുള്ളിൽ തന്നെ ഇവ പ്രവർത്തിച്ചു തുടങ്ങും. ബ്രിട്ടണിലേക്ക് അഭയംതേടിയ മുൻ റഷ്യൻ ഡബിൾ - ഏജന്റായിരുന്ന ( രണ്ട് രാജ്യങ്ങൾക്കുവേണ്ടി ഒരേ സമയം ചാരവൃത്തി ) സെർജി സ്ക്രിപലിനും മകൾ യൂലിയയ്ക്കും നേരെ നടന്ന വധശ്രമങ്ങൾക്ക് പിന്നാലെയാണ് നോവിചോക് സമീപകാലത്ത് ശ്രദ്ധനേടിയത്. ഏറ്റവും ഒടുവിൽ 2020ൽ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയ്ക്ക് നേരെ നടന്ന വധശ്രമത്തിന്റെയും ഉത്തരവാദി നോവിചോക് ആണ്.

നവാഗതൻ !

2018 മാർച്ച് 4 ന് മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപൽ ( 66 ), മകൾ യൂലിയ ( 33 ) എന്നിവരെ വിൽറ്റ്ഷെയറിലെ സോൾസ്ബറിയിലുള്ള ഒരു ബെഞ്ചിൽ അബോധാവസ്ഥയിൽ കണ്ടെത്തി. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരിക്കെ MI6ന് ( ബ്രിട്ടീഷ് ചാരസംഘടന ) രഹസ്യങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് റഷ്യൻ ഭരണകൂടം ഇദ്ദേഹത്തിന് ജയിൽശിക്ഷ വിധിച്ചിരുന്നു. എന്നാൽ, സെർജിയ്ക്ക് 2010ൽ ബ്രിട്ടൺ അഭയം നൽകുകയായിരുന്നു.

രാസായുധ പ്രയോഗമാണ് ഇരുവർക്കും നേരെ നടന്നതെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി സ്ക്രിപലിന്റെ വീട് പരിശോധിച്ച ഒരു പൊലീസുകാരനും വിഷബാധയേറ്റിരുന്നു. സ്ക്രിപലിന്റെ വീടിന്റെ മുൻവശത്തെ വാതിൽപ്പിടിയിൽ ദ്രവരൂപത്തിലുള്ള ' നോവിചോക് " രാസായുധം കണ്ടെത്തിയിരുന്നു. ആക്രമണത്തിന് കാരണമായ നോവിചോക് റഷ്യയിൽ നിന്നാണെന്ന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പിന്നാലെ, റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. റഷ്യയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പുറത്താക്കി. സ്ക്രിപലും യൂലിയയും തലനാരിഴെ രക്ഷപ്പെട്ടു.

എന്നാൽ, സോൾസ്ബറിയിൽ നിന്ന് 8 മൈൽ അകലെ ഏംസ്ബെറിയിലെ ഒരു ഫ്ലാറ്റിൽ നോവിചോകുമായി എങ്ങനെയൊ സമ്പർക്കത്തിലെത്തിയ ഡോൺ സ്റ്റർഗെസ്, ചാർലി റോലി എന്നിവരെ അബോധാവസ്ഥയിൽ കണ്ടെത്തി. നോവിചോക് അടങ്ങിയ ഒരു പെർഫ്യൂം ബോട്ടിൽ ഒരു ചാരിറ്റി ഷോപ്പ് ബിന്നിൽ നിന്ന് ഇവർക്ക് ലഭിക്കുകയായിരുന്നു. എന്നാൽ, ഈ പെർഫ്യൂം ബോട്ടിൽ എങ്ങനെ അവിടെയെത്തി എന്ന് വ്യക്തമല്ല. സ്റ്റർഗെസ് ദിവസങ്ങൾക്കുള്ളിൽ മരിച്ചു.

 റഷ്യയ്ക്കെതിരെ വീണ്ടും ബ്രിട്ടൺ

അലക്സാണ്ടർ മിഷ്കിൻ, അനറ്റോളി ചെപിഗ എന്നിവരെ ബ്രിട്ടീഷ് അധികൃതർ കേസിലെ പ്രതികളായി തിരിച്ചറിഞ്ഞു. അലക്സാണ്ടർ പെട്രോവ്, റസ്‌ലൻ ബോഷിറോവ് എന്നീ കള്ളപ്പേരുകളിൽ ബ്രിട്ടണിൽ കടന്നുകൂടിയ റഷ്യൻ ചാരന്മാർ ആയിരുന്നു ഇവർ.

ഇവർ സഞ്ചരിച്ച ഇടങ്ങളിൽ നോവിചോകിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തങ്ങൾ ടൂറിസ്റ്റുകളായാണ് ഇംഗ്ലണ്ടിലെത്തിയതെന്നാണ് ഇരുവരും പറഞ്ഞത്. സെർജിയ്ക്ക് നേരെ ആക്രമണം നടത്തിയ ശേഷം അന്നേദിവസം തന്നെ രണ്ട് പ്രതികളും മോസ്കോയിലേക്ക് കടന്നിരുന്നു.

റഷ്യൻ ഭരണകൂടത്തിന്റെ അറിവോടെയാണ് റഷ്യയ്ക്ക് പുറത്ത് അതീവ ഗൗരവപരമായ പ്രവൃത്തിയിൽ ഇവർ ഏർപ്പെട്ടതെന്ന് ബ്രിട്ടൻ ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച റഷ്യ പ്രതികളെ ഇംഗ്ലണ്ടിന് കൈമാറാനാകില്ലെന്ന് അറിയിച്ചു. ബ്രിട്ടൺ - റഷ്യ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചു. റഷ്യയ്ക്കെതിരെ ഉപരോധം ഉൾപ്പെടെ നിലപാട് കടുപ്പിക്കാൻ ബ്രിട്ടനൊപ്പം സഖ്യ രാജ്യങ്ങളും നാറ്റോ കക്ഷികളും അമേരിക്കയും രംഗത്തെത്തി.

അതേ സമയം, സോൾസ്ബറിയിൽ നോവിചോക് സാന്നിദ്ധ്യം പടർന്നിരുന്നു. 12 ഇടങ്ങളിലായി അധികൃതർ നടത്തിയ ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ 2019 മാർച്ചിൽ സോൾസ്‌ബറിയെ നോവിചോക് രാസായുധ സാന്നിദ്ധ്യത്തിൽ നിന്ന് മുക്തമായതായി ബ്രിട്ടൺ പ്രഖ്യാപിച്ചു.