
കൊച്ചി: ലൈംഗികപീഡനക്കേസിൽ പ്രതിയായ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു യുവതി കൂടി പരാതി നൽകി. 2015ൽ വിവാഹ മേക്കപ്പിനെത്തിയ തന്നോട് മോശമായി സംസാരിക്കുകയും ശരീരത്ത് അനാവശ്യമായി സ്പർശിക്കുകയും ചെയ്തെന്നാണ് ആസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിലിലാണ് പരാതി നൽകിയത്.
നേരത്തെ മൂന്ന് യുവതികൾ ഇയാൾക്കെതിരെ നൽകിയ പരാതിയിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുക, വസ്ത്രം നീക്കുക, അശ്ളീലഭാഷയിൽ സംസാരിക്കുക എന്നിവയാണ് ആരോപണങ്ങൾ. വിവാഹത്തിന് മുമ്പുള്ള മേക്കപ്പായതിനാൽ അന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ല. കടുത്ത മാനസികപ്രശ്നങ്ങൾക്കും അനീസിന്റെ പ്രവൃത്തികൾ കാരണമായതായും പരാതികളിൽ പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിലും നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പ്രതികരിച്ചിരുന്നു.
യുവതികളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഒളിവിൽ പോയ അനീസിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളുടെ പാസ്പോർട്ട് കഴിഞ്ഞ ദിവസം കാക്കനാട്ടെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കൊച്ചിയിൽ തന്നെ ഇയാൾ ഒളിവിൽ കഴിയുകയാണെന്ന സൂചനയിൽ തെരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.