
തിരുവനന്തപുരം: ഹണിട്രാപ്പുമായി പാകിസ്ഥാൻ ചാരസംഘടനകൾ രാജ്യത്ത് സജീവമാണെന്നും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ വലയിൽ അകപ്പെടാതെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ഡി ജി പിയുടെ സർക്കുലർ. പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ഇന്ന് പുറപ്പെടുവിച്ച സർക്കുലറിലാണ് ഡി ജി പിയുടെ നിർദ്ദേശം.
രാജ്യത്ത് ഇതിനോടകം നിരവധി ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നും വിവിധ അന്വേഷണ ഏജൻസികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ബന്ധങ്ങളുള്ള ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കുലറിൽ പറയുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പ് നടത്തുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള ഹണിട്രാപ്പ് സംഭവങ്ങളുണ്ടായാൽ പൊലീസ് ആസ്ഥാനത്ത് ഉടനടി വിവരം അറിയിക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് കേരള പൊലീസിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അറിയിച്ചു.