
കൊച്ചി: എറണാകുളം കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരി നോറ മരിയയെ വെള്ളത്തിൽ മുക്കിക്കൊന്നതുമായി ബന്ധപ്പെട്ട കേസിൽ കുട്ടിയുടെ അച്ഛൻ അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്ത് വീട്ടിൽ സജീവ്, ഇയാളുടെ അമ്മ സിപ്സി എന്നിവരെ റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് ഓൺലൈനായി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരത്തു നിന്ന് സിപ്സി പിടിയിലായത്. വൈകിട്ട് കൊച്ചിയിൽ സജീവും അറസ്റ്റിലായി. കുഞ്ഞിന്റെ അമ്മ ഡിക്സി വിദേശത്തായതിനാൽ അച്ഛനും അമ്മൂമ്മക്കുമായിരുന്നു സംരക്ഷണ ചുമതല. സിപ്സി ഇതിനിടെ സുഹൃത്ത് ജോൺ ബിനോയ് ഡിക്രൂസുമായി ചേർന്ന് നോറയെയും സഹോദരനെയും കൂട്ടി കലൂരിലെ ഹോട്ടലിൽ മുറിയെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി സിപ്സി പുറത്തുപോയ സമയത്താണ് ജോൺ ബിനോയ് കുഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിക്കൊന്നത്.