cpm-cpi

തിരുവനന്തപുരം: പാർട്ടിയ്‌ക്ക് നേരെ രൂക്ഷവിമർശനവുമായി ചിന്തയിൽ വന്ന ലേഖനത്തിന് ചുട്ടമറുപടി നൽകി സിപിഐ പ്രസിദ്ധീകരണമായ നവയുഗം. രാജ്യത്ത് നക്‌സൽബാരിയുണ്ടായതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് നവയുഗം വിമർശിക്കുന്നു. യുവാക്കൾക്ക് സായുധ വിപ്ളവമോഹം നൽകിയത് സിപിഎമ്മാണ്. കൂട്ടത്തിലുളളവരെ വർഗവഞ്ചകൻ എന്ന് ആദ്യമായി വിളിച്ചത് ഇഎംഎസാണെന്ന രൂക്ഷമായ വിമർശനവും സിപിഐ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിൽ പറയുന്നു.

'ശരിയും തെറ്റും അംഗീകരിക്കാൻ ഒരിക്കലും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല, ചിന്തയിലെ ലേഖനത്തിലുള‌ളത് ഹിമാലയൻ വിഡ്‌ഢിത്തങ്ങളാണ്.' നവയുഗത്തിൽ പറയുന്നു. അതേസമയം ചിന്തയിൽ വന്നത് പാർട്ടി നേതാക്കളുടെ ലേഖനമല്ലെന്നും ഒരു കത്താണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഇന്നലെ പ്രതികരിച്ചിരുന്നു.

അവസരവാദികളാണ് സിപിഐക്കാരെന്നായിരുന്നു ചിന്തയിലെ ലേഖനത്തിലെ മുഖ്യവിമർശനം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ച ചരിത്രമുള‌ള സിപിഐ പേരിലെ കമ്മ്യൂണിസ്‌റ്റും ചെങ്കൊടിയും ഉപേക്ഷിക്കണമെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞിരുന്നത്. ഇതിന് മറുപടി നവയുഗത്തിലൂടെ നൽകുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചത്.