
ബാംഗ്ലൂർ : മുൻ നായകൻ വിരാട് കൊഹ്ലിയെ കാണാനായി സുരക്ഷാവലയങ്ങൾ ഭേദിച്ച് ആരാധകർ ഗ്രൗണ്ടിലെത്തി. താരത്തിനൊപ്പം സെൽഫിയുമെടുത്ത ആരാധകർ സെക്യൂരിറ്റിമാരെ ഗ്രൗണ്ടിന് ചുറ്റും ഓടിച്ച ശേഷമാണ് കീഴടങ്ങിയത്. ഇന്ത്യ - ശ്രീലങ്ക രണ്ടാം ടെസ്റ്റ് നടക്കുന്ന എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന താരമായ വിരാട് കൊഹ്ലിയ്ക്ക് ഇവിടെ നിരവധി ആരാധകരാണുള്ളത്.
Lucky Fans Got the Chance to Click a selfie with Virat Kohli !! @imVkohli
— Samy :): (@ZLX_comfort) March 13, 2022
Dream Come Moment for every fan 🥰😍#INDvsSL pic.twitter.com/welan3xFzg
ഞൊടിയിടയിൽ ഗ്രൗണ്ടിലെത്തിയ ഒരുപറ്റം ആരാധകർ കൊഹ്ലിയ്‌ക്ക് നേരെ പാഞ്ഞെത്തുകയായിരുന്നു. ഇവർക്കൊപ്പം സെൽഫിയെടുക്കാൻ വിരാട് കൊഹ്ലി തയാറായി. അതിക്രമിച്ച് കയറിയ കാണികളെ പുറത്താക്കാൻ പെട്ടെ്ന്ന് തന്നെ സെക്യൂരിറ്റി ഗാർഡുമാർ എത്തിയെങ്കിലും ചിലരെ ആദ്യം പിടികൂടാനായില്ല. കൂടുതൽ ഗാർഡുകളെത്തി പണിപെട്ടിട്ടാണ് എല്ലാവരെയും പിടികൂടിയത്. മുൻപും പലതവണ കാണികൾ താരങ്ങളെ കാണാനായി സുരക്ഷാവലയങ്ങൾ ഭേദിച്ച് ഗ്രൗണ്ടിലെത്തിയിട്ടുണ്ട്. ഇന്ത്യ - ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് സെക്യൂരിറ്റി ഗാർഡുമാർക്ക് തലവേദനയുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഇന്ത്യ-ശ്രീലങ്ക പരമ്പരയിൽ ഉടനീളം കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
അതേസമയം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേയ്ക്ക് കുതിയ്ക്കുകയാണ്. 447 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയിരിയ്‌ക്കുന്നത്. ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ആദ്യ ഇന്നിംഗ്‌സിൽ തകർന്നടിഞ്ഞ ലങ്കയ്ക്ക് മൂന്നാം ദിനത്തിൽ എത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.