
മാവേലിക്കര: വൃക്ക മാറ്റിവച്ചതിന്റെ പേരിൽ വിവാഹം മുടങ്ങിയ ലാലിന്റെ ജീവിതത്തിലേക്ക് ഒടുവിൽ കൈപിടിച്ച് ലക്ഷ്മിയെത്തി, അങ്ങകലെ തമിഴ്‌മണ്ണിൽ നിന്ന്.അമ്പലപ്പുഴ കരുമാടി വലിയവീട്ടിൽ ലാൽ.ടി.കെയുടെ വിവാഹമാണ് ഇന്നലെ നടന്നത്. നഴ്സായ തമിഴ്‌നാട് ഗിണ്ടികൽ സ്വദേശി ലക്ഷ്മിയാണ് വധു.
34കാരനായ ലാലിന് വിവാഹ ആലോചനകൾ നിരവധി വന്നെങ്കിലും ഒന്നും ശരിയായില്ല. വൃക്ക മാറ്റി വച്ചതിനാൽ എല്ലാ പെൺകുട്ടികളുടെയും വീട്ടുകാർ വേണ്ടെന്ന് വിവാഹം വയ്ക്കുന്നതായിരുന്നു കാരണം.2016ൽ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് വൃക്കയെ ബാധിക്കുകയും ഇരു വൃക്കകളും പ്രവർത്തന രഹിതമാകുകയും ചെയ്യുകയായിരുന്നു. തുടർന്ന് 2018 ജനുവരിയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ആരോഗ്യം പൂർണമായി വീണ്ടെടുത്തതോടെ വീണ്ടും ജോലിക്കെത്തി തുടങ്ങി.
ലാൽ മൂന്ന് വർഷത്തോളമായി മാവേലിക്കരയിലാണ് താമസം. ഇവിടെ പ്രമുഖ അഭിഭാഷകനായ പത്മകുമാറിന്റെ ക്ലർക്കായി ജോലി ചെയ്യുകയാണ്. ജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ വിവാഹ ആലോചനകൾ തുടങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് ഒരു സുഹൃത്ത് മുഖേനയാണ് തമിഴ്നാട്ടിൽ നിന്ന് ആലോചന വന്നത്. കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞപ്പോളും വീട്ടുകാർക്ക് പൂർണ സമ്മതം. എന്നാൽ ദൂരം കൂടുതലായതിനാൽ അവർ ഒന്ന് മടിച്ചു. പക്ഷേ പെൺകുട്ടിക്ക് വിവാഹത്തിന് പൂർണ സമ്മതമായിരുന്നു.അങ്ങനെ വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിൽ വച്ച് ഇരുവരും വരണമാല്യം അണിയിച്ചു. വൈകിട്ട് മാവേലിക്കരയിൽ സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിരുന്നു.