
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ബിഗ് ബോസ് നാലാം സീസൺ ആരംഭിക്കുന്ന വിവരം ചാനൽ പുറത്തുവിട്ടത്. അന്നുമുതൽ എങ്ങും ചർച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെ ഷോയിലുണ്ടാവും, അവതാരകൻ മോഹൻലാൽ തന്നെയാണോ തുടങ്ങി നിരവധി സംശയങ്ങളായിരുന്നു പ്രേക്ഷകർക്ക്. എന്നാൽ നിങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഷോയുടെ സീസൺ നാല് ആരംഭിക്കുന്ന തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
മാർച്ച് 27 മുതൽ നാലാം സീസൺ ആരംഭിക്കുമെന്നാണ് പുതിയ പ്രൊമോയിലൂടെ മോഹൻലാൽ അറിയിച്ചത്. എന്തൊക്കെ മാനദണ്ഡങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തിരിഞ്ഞെടുത്തതെന്നും പ്രൊമോയിൽ വിവരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഒമ്പതരയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേക്ഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രൊമോയ്ക്ക് നൽകിയിട്ടുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയാകും എന്ന വിവരവും വരും ദിവസങ്ങളിൽ പുറത്തുവരും.
ഇത്തവണ ബിഗ് ബോസിൽ എത്തിയേക്കാൻ സാദ്ധ്യതയുള്ള മത്സരാർത്തികൾ ഇവരാണ്:
ജിയാ ഇറാനി
കഴിഞ്ഞ ബിഗ് ബോസ് സീസൺ മുതൽ പ്രേക്ഷകർക്കിടയിൽ പ്രധാന ചർച്ചാ വിഷയമായിരുന്ന വ്യക്തിയാണ് ജിയാ ഇറാനി. മുൻ സീസണിലെ മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയ്ക്കൊപ്പം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു ജിയായുടേത്.
സന്തോഷ് പണ്ഡിറ്റ്
ഈ വർഷത്തെ ബിഗ് ബോസ് സീസണിൽ എത്തിയേക്കാൻ ഏറ്റവും സാദ്ധ്യതയുള്ള മത്സരാർത്ഥികളിസൊരാളാണ് സന്തോഷ് പണ്ഡിറ്റ്. നെഗറ്റീവ് പബ്ലിസിറ്റിയോടെയാണ് അദ്ദേഹം തന്രെ കരിയർ ആരംഭിച്ചതെങ്കിലും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. മറ്റൊരു റിയാലിറ്റി ഷോയായ മലയാളി ഹൗസിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
വാവ സുരേഷ്
പാമ്പുകടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ബിഗ് ബോസ് ഹൗസിൽ വാവ സുരേഷിന്റെ സാന്നിദ്ധ്യം വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിക്കും എന്നതുകൊണ്ട് പുതിയ സീസണിൽ അദ്ദഹം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
രാഹുൽ ഈശ്വർ
ഇത്തവണ ബിഗ് ബോസിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു മത്സരാർത്ഥിയാണ് രാഹുൽ ഈശ്വർ. പ്രകോപനപരമായ പ്രസ്താവനകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് രാഹുൽ. കൂടാതെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു അദ്ദേഹം.
ശ്രീലക്ഷ്മി അറയ്ക്കൽ
ഈ വർഷത്തെ ബിഗ് ബോസ് സീസണിൽ എത്തിയേക്കാവുന്ന മറ്റൊരാളാണ് ശ്രീലക്ഷ്മി അറയ്ക്കൽ. സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകയായ ശ്രീലക്ഷ്മി ജനുവരി അവസാനം മുതൽ സോഷ്യൽ മീഡിയയിൽ സജീവമല്ല, ഇത് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിനായുള്ല തയ്യാറെടുപ്പാണെന്നാണ് പലരും വിശ്വസിക്കുന്നത്.
അപർണയും ജീവയും
ഈ വർഷത്തെ ബിഗ് ബോസ് സീസണിൽ എത്തിയേക്കാൻ ഏറ്റവും സാദ്ധ്യതയുള്ള മത്സരാർത്ഥികളാണ് അപർണയും ജീവയും. ടെലിവിഷൻ അവതാരകരായ ഇരുവരും ആറ് വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്.