
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ തകർച്ച നേരിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിന്ന് വിട്ടുനിന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗും, മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിയും. ഇവർക്ക് പുറമേ നാല് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പാർട്ടിയുടെ ഇടക്കാല അദ്ധ്യക്ഷയായ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചു ചേർത്തത്.
തമിഴ്നാട്ടിൽ നിന്നുള്ള എ ചെല്ലകുമാർ എം പി, മണിപ്പൂർ ഉപമുഖ്യമന്ത്രി ഗൈഖാൻഗം, മുൻ ക്യാബിനറ്റ് മിനിസ്റ്റർ താരീഖ് ഹമീദ് കാര, മുൻ എം പി ജി സഞ്ജീവ് റെഡ്ഡി എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുതിർന്ന നേതാക്കൾ. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് എ കെ ആന്റണി യോഗത്തിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ മൻമോഹൻ സിംഗ് ഉൾപ്പടെയുള്ളവർ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.
Congress Working Committee meeting begins. The meeting is being chaired by party's interim president Sonia Gandhi pic.twitter.com/czj37hmjKX
— ANI (@ANI) March 13, 2022
തിരഞ്ഞെടുപ്പ് തകർച്ചയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ അമരത്ത് ഗാന്ധി കുടുംബത്തിന്റെ ആധിപത്യം ചോദ്യം ചെയ്യപ്പെടുമെന്നും വമ്പൻ അഴിച്ചുപണി വരുമെന്നുമുള്ള അഭ്യൂഹങ്ങൾ അസ്ഥാനത്താക്കി സോണിയാ ഗാന്ധി പ്രസിഡന്റായി തുടരാൻ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി. പ്രവർത്തക സമിതിയും തുടരും. പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ ചിന്തൻ ശിബിരം സംഘടിപ്പിക്കാനും തീരുമാനമായി. പാർട്ടി അദ്ധ്യക്ഷനായി രാഹുൽ ഗാന്ധിയെ തിരിച്ചെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് യോഗത്തിൽ ആവശ്യപ്പെട്ടു. 30 വർഷത്തോളമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയായിട്ടില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഗാന്ധി കുടുംബത്തിന് മുഖ്യപങ്കുണ്ട് എന്നും ഗെലോട്ട് പറഞ്ഞു. അതേസമയം, മുകുൾ വാസ്‌നിക്കിനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെടാൻ ജി. 23 നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഈ നിർദേശം ഹൈക്കമാൻഡ് തള്ളിക്കളഞ്ഞു.