
കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പുസാമ്പത്തിക വർഷം (202122) ഏപ്രിൽഫെബ്രുവരിയിൽ 73 ശതമാനം കുതിച്ചു. മുൻവർഷത്തെ സമാനകാലത്തെ 2,611 കോടി ഡോളറിൽ നിന്ന് 4,510 കോടി ഡോളറിലേക്കാണ് ഇറക്കുമതിച്ചെലവ് ഉയർന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
ലോകത്ത് ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിവർഷം ശരാശരി 800-900 ടണ്ണാണ് ഇന്ത്യ ഇറക്കുമതി. ഏപ്രിൽ-ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് ഒഴുകിയത് 842.28 ടണ്ണാണ്. സ്വർണ ഉപഭോഗത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.
സ്വർണം ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി കുതിച്ചുയരാൻ കാരണമാകുന്നുണ്ട്. നടപ്പുവർഷം ഏപ്രിൽഫെബ്രുവരിയിൽ വ്യാപാരക്കമ്മി 8,900 കോടി ഡോളറിൽ നിന്ന് 17,600 കോടി ഡോളറിൽ എത്തിയിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിച്ചെലവ് കയറ്റുമതിവരുമാനത്തേക്കാൾ കൂടുന്ന സ്ഥിതിയാണ് വ്യാപാരക്കമ്മി. ഇറക്കുമതി കൂടുമ്പോൾ വിദേശ നാണയവരുമാനം കുറയും. ഇത് കറന്റ് അക്കൗണ്ട് കമ്മി കൂടാനുമിടയാക്കും. വിദേശ നാണയവരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി.
നടപ്പുവർഷം ജൂലായ്-സെപ്തംബറിൽ കറന്റ് അക്കൗണ്ട് കമ്മി 960 കോടി ഡോളറാണ്. ജി.ഡി.പിയുടെ 1.3 ശതമാനമാണിത്. അതേസമയം, കഴിഞ്ഞമാസം സ്വർണം ഇറക്കുമതി 2021 ഫെബ്രുവരിയേക്കാൾ 11.45 ശതമാനം താഴ്ന്ന് 470 കോടി ഡോളറായിട്ടുണ്ട്. വിലയിലെ അസ്ഥിരതയാണ് ഇതിനിടയാക്കിയത്.
കയറ്റുമതിയിലും ഉണർവ്
നടപ്പുവർഷം ഏപ്രിൽഫെബ്രുവരിയിൽ ജെം ആൻഡ് ജുവലറി കയറ്റുമതിയിലൂടെ ഇന്ത്യ 525 കോടി ഡോളർ നേടി. മുൻവർഷത്തെ സമാനകാലത്തേക്കാൾ 57.5 ശതമാനം അധികമാണിത്.
ആടയാഭരണങ്ങളല്ല, ചൈനക്കാർ സ്വർണം വാങ്ങിക്കൂട്ടുന്നതിന് പിന്നിൽ മറ്റുചിലത്
സ്വർണാഭരണ പ്രിയർ തന്നെയാണ് ചൈനക്കാർ എന്നതിൽ സംശയമില്ല. പരമ്പരാഗതമായി തുടരുന്ന അവരുടെ ചടങ്ങുകൾക്ക് സ്വർണാഭരണങ്ങൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമാണ്. എന്നാൽ അതിനുമപ്പുറത്ത് ചില കാര്യങ്ങൾ കൂടിയുണ്ട്. മദ്ധ്യവർഗത്തിന്റെ സാമ്പത്തിക ഭദ്രത ചൈനയിൽ മികവ് പുലർത്തുന്നത് അവരുടെ സ്വർണാഭരണ പ്രീതിക്ക് മാറ്റ് കൂട്ടുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളിലും, കാറുകളിലും തുടങ്ങി താൽപര്യമുള്ള പലവസ്തുക്കളിലും ചൈനക്കാർ സ്വർണം ചേർക്കാറുണ്ട്. അതുപക്ഷേ, നമ്മൾ ചെയ്യുന്നത് പോലെ ഒരുതരി പൊന്ന് എന്ന കണക്കിലൊന്നുമല്ല. ആവശ്യത്തിലേറെ സ്വർണം ചൈനക്കാർ സ്വിച്ച് ബോർഡിൽ പോലും വാരിവിതറും. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിലും മില്യൺ കണക്കിന് സ്വർണം ചൈനയിലേക്ക് ഒഴുകുന്നുണ്ട്.