
കൊല്ലം: പട്ടാഴി ദേവീ ക്ഷേത്രനടയിൽ വച്ച് മാലനഷ്ടപ്പെട്ട സ്ത്രീക്ക് സ്വന്തം വളകൾ ഊരിനൽകിയ സ്ത്രീയെ കണ്ടെത്താൻ ക്ഷേത്ര ഭാരവാഹികളും ഭക്തരും രണ്ടുദിവസമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ശ്രമം വിജയിച്ചില്ല. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയുടെ മാലയാണ് കഴിഞ്ഞ ശനിയാഴ്ച നഷ്ടപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വലംവച്ച് തൊഴുന്നതിനിടെയാണ് രണ്ടു പവന്റെ മാല നഷ്ടപ്പെട്ടത്. ഈ സമയം സമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. മാല കഴുത്തിൽ ഇല്ലെന്ന് മനസിലായതോടെ തകർന്നുപോയ സുഭദ്ര അലമുറയിട്ട് കരഞ്ഞ് നിലത്തുവീണുരുളാൻ തുടങ്ങി. ഇതുകണ്ട് എന്തുചെയ്യണമെന്നറിയാതെ ഭക്തർ തരിച്ചു നിന്നു. കശു അണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ നാളത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാണ് മാല വാങ്ങിയത്. കരയുന്നതിനിടെ ഇതും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മറ്റൊരു സ്ത്രീയുടെ കൈയും പിടിച്ച് പ്രായം തോന്നിക്കുന്ന കണ്ണട വച്ച ഒരു സ്ത്രീ പെട്ടെന്ന് അവിടെയെത്തിയത്. കരഞ്ഞുകൊണ്ടിരുന്ന സുഭദ്രയെ അവർ സമാധാനിപ്പിച്ചു. ഇതിനിടെയാണ് കൈയിൽ കിടന്ന രണ്ടുവളകൾ ഊരി അവർക്ക് സമ്മാനിച്ചത്. ഇതുവിറ്റ് മാല വാങ്ങണമെന്നും ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചശേഷം ധരിക്കണമെന്നും ആവശ്യപ്പെട്ടശേഷം വന്നപോലെ വേഗത്തിൽ തന്നെ മടങ്ങി. സുഭദ്രയും സമീപത്തുണ്ടായിരുന്നവരും അവിടെയൊക്കെ തിരഞ്ഞെങ്കിലും സ്ത്രീയെയോ ഒപ്പമുണ്ടായിരുന്ന ആളെയോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ വിവരമറിഞ്ഞ് ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ദേവസ്വം അധികൃതരും സ്ഥലത്തെത്തി. ക്ഷേത്രത്തിലെ സി സി ടി വിയിൽ ദൃശ്യങ്ങൾ പതിഞ്ഞുവെന്ന് വ്യക്തമായതോടെ അതിന്റെ സഹായത്തോടെ ആളെ കണ്ടെത്താനായി ശ്രമം. പക്ഷേ, കണ്ടെത്താനായില്ല. ദൃശ്യങ്ങൾ പരസ്യപ്പെടുത്തി നടത്തിയ അന്വേഷണത്തിനും ഫലമുണ്ടായില്ല. കണ്ണടവച്ച ആ അമ്മയുടെ രൂപത്തിൽ എത്തിയത് ദേവിതന്നെയാണെന്നാണ് ഭക്തരിൽ ഏറിയകൂറും ഇപ്പോൾ കരുതുന്നത്.
ഇതിനിടെ വളകളുമായി ജുവലറിയിലെത്തിയ സുഭദ്ര അതുവിറ്റ് മാലവാങ്ങി. അതിനൊപ്പം പട്ടാഴിയമ്മയ്ക്ക് സ്വര്‍ണപ്പൊട്ടും വാങ്ങിയിട്ടുണ്ട്. ഇന്ന് വൈകിട്ട് കുംഭത്തിരുവാതിര ഉത്സവം കൊടിയിറങ്ങുന്നതിനുമുമ്പ് ക്ഷേത്രത്തിലെത്തി പൊട്ട് സമര്‍പ്പിച്ചശേഷം അവിടെവച്ച് പുതിയ മാല ധരിക്കാനാണ് സുഭദ്രയുടെ തീരുമാനം. വളകള്‍ തന്നയാളെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും തന്റെ മാല തിരിച്ചുകിട്ടിയാല്‍ അത് അവര്‍ക്കു നല്‍കുമെന്നും അറുപത്തെട്ടുകാരി സുഭദ്ര പറഞ്ഞു.