
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു. ശരീരത്തിൽ പരിക്കുകളില്ലെന്നും സുരേഷിന്റെ (42) മരണകാരണം ഹൃദയാഘാതമാണെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചതവുകൾ ഹൃദ്‌രോഗം വർദ്ധിപ്പിച്ചിരിക്കാമെന്നും അതാണ് ഹൃദയാഘാതത്തിലക്ക് നയിച്ചതെന്നുമാണ് സുരേഷിനെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ടി.സി 65 /776 ചരുവിള പുത്തൻ വീട്ടിൽ പ്രഭാകരൻ സുധ ദമ്പതികളുടെ മകനും വെൽഡിംഗ് തൊഴിലാളിയുമായ സുരേഷ് മരിക്കുന്നത്.
സുരേഷിന്റെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിതീകരിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പന്ത്രണ്ടോളം ചതവുകളുണ്ട്. ഇത് സ്‌റ്റേഷനിൽ വെച്ച് പൊലീസ് ഉപദ്രവിച്ചപ്പോൾ ഉണ്ടായതാവാനാണ് സാദ്ധ്യത. ശരീരത്തിലേറ്റ ഈ ചതവുകളായിരിക്കാം പെട്ടന്നുണ്ടായ ഹൃദയാഘാതത്തിന് കാരണമായത്. അതിനാൽ ഈ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. നേരത്തേ പുറത്തു വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ഇത് കസ്റ്റഡി മരണമല്ല എന്ന വാദത്തിലാണ് പൊലീസ് ഉറച്ചു നിന്നിരുന്നത്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത ശേഷം വിശദമായ അന്വേഷണവും ഡോക്ടർമാരുടെ അഭിപ്രായവും തേടിയതു വഴിയാണ് പൊലീസിന്റെ ഈ വാദം പൊളിയുന്നത്.

താടിയെല്ലിനു താഴെ കഴുത്തിന്റെ വലതു വശത്ത്, കഴുത്തിനു മുൻപിൽ ഇടതു വശത്ത്, വലതും ഇടതും തുടകളുടെ പിന്നിൽ, വലതു തുടയിൽ മുട്ടിനു മുകളിലായി, തോളിനു താഴെ ഇടതു കൈയുടെ പിന്നിൽ, മുതുകിൽ മുകളിലും താഴെയും ഇടതും വലതുമായി ആറു സ്ഥലത്ത് എന്നീ ഭാഗങ്ങളിലാണ് ചതവുകളുള്ളത്. ചതവുകളുടെ നീളവും വീതിയുമുൾപ്പടെയുള്ള വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ ചതവുകൾ എങ്ങനെ സംഭവിച്ചുവെന്നുള്ള കാര്യം റിപ്പോർട്ടിൽ പറയുന്നില്ല.
കഴിഞ്ഞ മാസം 27 നാണ് തിരുവല്ലം മധുപാലം ജഡ്ജിക്കുന്ന് ഭാഗത്തുവച്ച് സ്ത്രീയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ സുരേഷിനെയും സുഹൃത്തുക്കളും ജഡ്ജിക്കുന്ന് സ്വദേശികളുമായ രാജേഷ്, രാജേഷ് കുമാർ, വിനീത്, ബിജു എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം രാവിലെ സുരേഷ് പൊലീസ് സ്‌റ്റേഷനിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ സുരേഷിനെയും സുഹൃത്തുക്കളായ നാലുപേരെയും കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ ചോദ്യംചെയ്ത ഇവരെ അവിടെവച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരിസരവാസികൾ പറഞ്ഞിരുന്നു. സുരേഷിനെയും സുഹൃത്തുക്കളിലൊരാളെയും പൊലീസ് വലിച്ചിഴച്ച് ജീപ്പിൽ കയറ്റി. ഇതിനുശേഷം പിറ്റേന്ന് രാവിലെ സുരേഷിന്റെ മരണവാർത്തയാണ് വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. സ്റ്റേഷനിൽ വച്ച് 28ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സുരേഷിനെ പൂന്തുറ ഗവ. ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.