
ന്യൂഡൽഹി : കർഷക പ്രക്ഷോഭങ്ങൾ യുപി തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെന്ന റിപ്പോർട്ടുകൾക്കുള്ള മറുപടിയുമായി സ്വരാജ് ഇന്ത്യയുടെ സ്ഥാപകൻ യോഗേന്ദ്ര യാദവ് രംഗത്ത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ വിജയം സ്വന്തമാക്കിയതിനാൽ കർഷക പ്രക്ഷോഭങ്ങൾ തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തിയില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിൽ അടിത്തറ പാകിയത് കർഷക പ്രക്ഷോഭങ്ങളായിരുന്നുവെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. ക്രിക്കറ്റിൽ പിച്ചൊരുക്കുന്ന ഗ്രൗണ്ട്സ്മാന്മാരെ പോലെയായിരുന്നു ഞങ്ങൾ. ബൗൾ ചെയ്യേണ്ട ചുമതല ഞങ്ങൾക്കല്ലായിരുന്നു. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾക്കായിരുന്നു 'യോഗിബാബ'യെ പുറത്താക്കാനുള്ള ചുമതല. എന്നാൽ ഈ ജോലി കൃത്യമായി ചെയ്യാൻ ഇവർക്കായില്ലെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
യുപിയിലെ കർഷകരുടെ കോട്ടയായ 19 മണ്ഡലങ്ങളിൽ 13 ഇടത്തും ബിജെപി പരാജയപ്പെട്ടുവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. പഞ്ചാബിൽ കർഷകരുടെ പ്രതിഷേധമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് അടിത്തറ പാകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ലഖിംപൂർ ഖേരിയിലെ എട്ട് സീറ്റുകൾ ഉൾപ്പെടെ ബിജെപി വിജയിച്ചതിനാൽ കർഷക പ്രക്ഷോഭങ്ങൾ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകളോടായിരുന്നു യാദവിന്റെ പ്രതികരണം. ലഖിംപൂർ ഖേരി കർഷക പ്രക്ഷോഭങ്ങളുടെ ശക്തി കേന്ദ്രം അല്ലായിരുന്നുവെന്നും യാദവ് പറഞ്ഞു. തോൽവിയെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ യാദവ്, കർഷക പ്രക്ഷോഭങ്ങൾ തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.