
വലിയൊരു ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ് നവ്യാനായർ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയ്‌ക്കൊപ്പമാണെന്ന് താരം ആദ്യം മുതലേ നിലപാട് വ്യക്തമാക്കിയിരുന്നു. ഒന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നവ്യ. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
'ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെ പറ്റി ഞാൻ നേരത്തെ പറഞ്ഞിരുന്നു. പലതും റിലേറ്റീവായി പോവുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് തന്നെ അതിനെ പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ സഹപ്രവർത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതിൽ മാറ്റമില്ല."
ഡബ്ല്യുസിസിയിൽ സജീവമല്ലാത്തതിനെ കുറിച്ചും നവ്യ സംസാരിച്ചു. ' സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനായി ഒരിടം എന്ന ഒരു ആശയം നല്ലത് തന്നെയാണ്. മുംബയിൽ ആയിരുന്നതുകൊണ്ട് എല്ലാ മീറ്റിംഗുകളിലും സ്ഥിരമായി പങ്കെടുക്കാൻ കഴിയില്ല. കുറേക്കാലമായി ഞാൻ ഒരു വീട്ടമ്മയായിട്ട് ഇരിക്കുകയാണ്. എല്ലാവരും കൂടി ഇരിക്കുന്ന സ്ഥലത്ത് സ്ത്രീകൾക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പറയാൻ നമുക്ക് വിമുഖത വരും.
എന്നോട് ഒരാൾ മിസ്ബിഹേവ് ചെയ്താൽ പോലും അത് എങ്ങനെയാണ് പറയേണ്ടത് എന്ന സങ്കോചം ഇപ്പോഴുമുള്ള ആളാണ് ഞാൻ. അങ്ങനെ പറയുന്ന ലെവലിലേക്ക് ഞാൻ എത്തിയിട്ടില്ല. അത് നല്ലതാണെന്നല്ല പറയുന്നത്. എപ്പോഴും തുറന്ന് പറയുന്നതാണ് നല്ലത്. അങ്ങനെ പറയാൻ കഴിയണം.
ഒരുപക്ഷേ അത് വളർന്നു വന്ന സാഹചര്യത്തിന്റേതാകാം. ആ സ്റ്റിഗ്മ മാറണം.' അതേസമയം, ഒരേ കാലഘട്ടത്തിൽ മലയാള സിനിമയിൽ തിളങ്ങിയ താരങ്ങളാണെങ്കിലും താനും കാവ്യാമാധവനും തമ്മിൽ വ്യക്തിപരമായി സുഹൃത്തുക്കളല്ലെന്നും നവ്യ തുറന്നു പറഞ്ഞു.