
മലപ്പുറം: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്തു. പെരുമ്പടപ്പ് സ്വദേശി ബി പി അബ്ദുൾ റസാഖ് എന്നയാളാണ് പിടിയിലായത്. രാജ്യം വിടാൻ ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്റ് എന്നാണ് ഇ ഡി പറയുന്നത്.
രാജ്യവിരുദ്ധപ്രവർത്തനത്തിന് വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു എന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയകരമായ ചില രേഖകൾ കണ്ടെത്തിയിരുന്നു എന്നും ഇഡി അറിയിച്ചിട്ടുണ്ട്. ലക്നൗവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ റസാഖിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
എന്നാൽ, അറസ്റ്റ് നാടകമാണ് ഇ ഡി നടത്തിയെതെന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്. ഗൾഫിൽ ബിസിനസ് നടത്തുന്ന റസാഖ് ഇ ഡിയുടെ അനുമതി വാങ്ങി അവിടേക്ക് പോവുകയായിരുന്നു എന്നും വീട്ടിൽ നടത്തിയ റെയ്ഡിൽ കുറ്റകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല എന്നും അവർ വ്യക്തമാക്കി. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.