
ന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്‌മീരിലെ ബഡ്‌ജറ്റ് ഇന്ന് പാർലമെന്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും. 2022-23 സാമ്പത്തികവർഷത്തിലെ കണക്കാക്കുന്ന വരവ്‌ചിലവ് കണക്കുകളാണ് ഇന്ന് ഉച്ചയ്‌ക്ക് ശേഷം അവതരിപ്പിക്കുക.
ജമ്മു കാശ്‌മീരിന്റെ ബഡ്‌ജറ്റ് സഭയുടെ അംഗീകാരം നേടുക എന്നതാണ് ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ പ്രധാന അജണ്ട. ഭരണഘടന (പട്ടികവർഗ) ഉത്തരവ്(ഭേദഗതി) ബില്ലും ഇന്ന് പാസാക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് കൊവിഡ് കണക്കുകളിൽ കുറവ് വരികയും മൂന്നാം തരംഗം ഏതാണ്ട് അവസാനിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇന്ന് ഇരുസഭകളും 11 മണിയോടെ ചേരുന്നത്.
പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം രാഷ്‌ട്രപതിയുടെ പ്രസംഗത്തോടെ ജനുവരി 29നാണ് ആരംഭിച്ചത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചു. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടമാണ് ഇന്ന് ആരംഭിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം നൽകിയ ആത്മവിശ്വാസത്തിലാണ് സർക്കാർ രണ്ടാംഘട്ട പാർലമെന്റ് സമ്മേളനത്തിനെത്തിയത്. അതേസമയം കനത്ത തിരിച്ചടി നേരിട്ട പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ഒന്നിച്ച് നിൽക്കാനുളള സാദ്ധ്യത മങ്ങി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചശേഷം സമാനചിന്താഗതിയുളള പാർട്ടികളുമായി സഹകരിക്കാൻ തീരുമാനിച്ചു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മ, ഇപിഎഫ് നിരക്കിലെ കുറവ് മുതലായി വിവിധ വിഷയങ്ങൾ ഉന്നയിക്കുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു.