modi

ന്യൂഡൽഹി: യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് പ്രമുഖ ബ്രാൻഡുകൾ ഉൾപ്പടെയുള്ളവർ റഷ്യയിൽ നിന്ന് പിൻവാങ്ങി. ഇത് റഷ്യൻ സാമ്പത്തിക രംഗത്ത് ചെറുതല്ലാത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമറികടക്കാൻ ഇന്ത്യ ഉൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങളുമായി ഇടപാടുകൾ ശക്തമാക്കാനാണ് റഷ്യയുടെ ശ്രമം. വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് അടുത്തിടെ റഷ്യ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കിട്ടിയ അവസരം പരമാവധി മുതലാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിന്റെ ആദ്യപടിയായി ഡോളർ ഉപേക്ഷിച്ച് സ്വന്തം കറൻസി ഉപയോഗിച്ച് റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുന്നതിനുള്ള ഒരു സംവിധാനം ഇന്ത്യ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടായേക്കും. റഷ്യൻ ബാങ്കുകൾക്കെതിരെ ഉപരോധമേർപ്പെടുത്തിയതോടെ നടത്തിയ ഇടപാടുകളിലെ പണം കിട്ടാതെ വലഞ്ഞിരിക്കുകയാണ് ഇന്ത്യക്കാരായ കയറ്റുമതിക്കാർ. ഏകദേശം 500 മില്യൺ ഡോളറിന്റെ പേയ്‌മെന്റുകൾ ഇത്തരത്തിൽ കിട്ടാനുണ്ടത്രേ. ഇതോടെയാണ് റൂബിളും രൂപയുമായി ബന്ധപ്പെടുത്തി പ്രശ്നം പരിഹരിക്കാനാവുമാേ എന്ന ചിന്ത ഉരുത്തിരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ബാങ്കുകളുമായും ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്. കേന്ദ്രത്തിന്റെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണത്രേ ഇത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

10.8 ബില്യൺ ഡോളറിന്റേതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ ഉപരോധം ശക്തമാക്കിയതോടെ ഇതിൽ ഇടിവുകൾ ഉണ്ടാവുകയും ഇന്ത്യയിൽ പണപ്പെരുപ്പത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് പെട്ടെന്നുള്ള പുതിയ നീക്കത്തിന് ഇന്ത്യൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. റഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയുന്ന ഇനങ്ങളുടെ ലിസ്റ്റും രാജ്യം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒപ്പം റഷ്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യാനാവുന്ന സാധനങ്ങൾ ഏതൊക്കെയെന്ന ലിസ്റ്റും തയ്യാറാക്കുന്നുണ്ട്. ബിസിനസ് ബന്ധം ശക്തമാകുന്നതോടെ കൂടുതൽ അത്യന്താധുനിക ആയുധങ്ങളും പ്രതിരോധ സാമഗ്രികളും റഷ്യയിൽ നിന്ന് കുറഞ്ഞ ചെലവിൽ വാങ്ങാമെന്നും അങ്ങനെ മേഖലയിൽ ശക്തി ഉയർത്തി ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണികളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാവുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.

കുറഞ്ഞ അളവിൽ ക്രൂഡോയിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്താൽ രാജ്യത്തെ ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാര്യമായ പരിഹാരം ഉണ്ടാക്കാനാവുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പെട്രോൾ, ഡീസൽ വിലകൾ വൻതോതിൽ കൂടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നശേഷവും വില കൂടിയിട്ടില്ല. ഇതിനുകാരണം റഷ്യയുമായുള്ള ഇടപാടാണെന്നും റിപ്പോർട്ടുകളുണ്ട്.