new-app-lung-disease-

ബംഗളുരു: ഇന്നത്തെ കാലത്ത് എല്ലാ കാര്യങ്ങൾക്കും നമ്മൾ ആശ്രയിക്കുന്നത് മൊബൈൽ ആപ്പുകളെയാണ്. പത്രം വായന മുതൽ നമ്മുടെ ദൈനം ദിന പ്രവർത്തികളെല്ലാം സാധിച്ചു തരാൻ വിവധ ആപ്ലിക്കേഷനുകൾ നിലവിലുണ്ട്. അത്തരത്തിൽ ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുന്ന പുതിയൊരു ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ.


ഒരാളുടെ ചുമയിൽ നിന്ന് കൊവിഡും ക്ഷയവും ഉൾപ്പടെ അയാൾക്കുള്ള എല്ലാ ശ്വാസകോശ രോഗങ്ങളും കണ്ടെത്തുന്ന മൊബൈൽ ആപ്പാണ് ബംഗളുരുവിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ പ്ലാറ്റ്‌ഫോംസിന്റെ സ്റ്റാർട്ടപ്പ് സംരംഭമായ സാൽസിറ്റ് ടെക്‌നോളജീസിലെ ഗവേഷകർ വികസിപ്പിച്ചത്. 'ശ്വാസ' എന്നാണ് ഈ ആപ്പിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുക. മൊബൈൽ ഫോൺ അടുത്തു വെച്ച് ഒരാൾ ചുമയ്ക്കുമ്പോൾ ഈ ആപ്ലിക്കേഷൻ ആ വ്യക്തിക്ക് ശ്വാസകോശ രോഗമുണ്ടോ എന്ന് വിലയിരുത്തും. അതിനു ശേഷം ഈ ആപ്പ് തരുന്ന റിപ്പോർട്ട് പരിശോധിച്ച് ഡോക്ടർക്ക് ചിക്തസയെ പറ്റി തീരുമാനിക്കാം. നിലവിൽ ശ്വാസകോശത്തെ പറ്റി മനസ്സിലാക്കാൻ എക്സ് റേ, സിടി സ്‌കാൻ പോലുള്ള ടെസ്റ്റുകൾ നടത്തണം. എന്നാൽ ഈ ആപ്പ് ഉപയോഗിച്ച് ആ പരിശോധനകളൊന്നും ചെയ്യാതെ തന്നെ രോഗിക്ക് സ്വന്തം ശ്വാസകോശത്തെ പറ്റി മനസ്സിലാക്കാം. ഇതു വഴി സമയവും പണവും ലാഭിക്കാം.


കൊവിഡിന്റെ കാര്യത്തിൽ പരീക്ഷണ ശാലയിലെ സാഹചര്യത്തിൽ ഇത് 95 ശതമാനം കൃത്യതയുള്ള ഫലങ്ങൾ കാണിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഫീൽഡ് ലെവലിൽ ആപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. സാധാരണക്കാർക്ക് വളരെ ലളിതമായി തന്നെ ഉപയോഗിക്കാനാവും. മാത്രമല്ല വളരെ ചിലവുകുറഞ്ഞതും വേഗതയേറിയതുമായ രീതി കൂടിയാണിത്.


സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ പ്ലാറ്റ്‌ഫോംസിന്റെ ഈ പദ്ധതിക്ക് യുകെയുടെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശ് മെഡിക്കൽ കോളേജിലെ ഗവൺമെന്റ് ചെസ്റ്റ് ആൻഡ് ടിബി ഹോസ്പിറ്റലിൽ വെച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണറായ ഡോ. ആൻഡ്രു ഫ്‌ളെമിംഗിന് മുന്നിൽ ഈ സാങ്കേതികവിദ്യ ഗവേഷകർ പ്രദർശിപ്പിച്ചു. ശ്വാസ ആപ്പിന്റെ പ്രവർത്തനവും കാര്യക്ഷമതയും അദ്ദേഹം സ്വയം പരിശോധന വഴി മനസിലാക്കി. ഈ ആപ്പിലൂടെ ആരോഗ്യ മേഖലയ്ക്ക് ചെലവിലും സമയത്തിലും വലിയ ലാഭമുണ്ടാക്കാനാകുമെന്ന് അദ്ദേഹം ഗവേഷകരോടു പറഞ്ഞു.